എക്കാലവും റഷ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് കിം ജോങ് ഉന്‍

മോസ്‌കോ: കിഴക്കന്‍ റഷ്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ വൊസ്റ്റോച്‌നി കോസ്‌മോഡ്രമില്‍ നടന്ന അസാധാരണ ഉച്ചകോടിയില്‍ റഷ്യഉത്തര കൊറിയ സൈനിക സഹകരണത്തിനു ധാരണയായതായി സൂചന. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട രാഷ്ട്രത്തലവന്മാരെന്നു വിശേഷിപ്പിക്കാവുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മില്‍ ഇന്നലെ നടന്ന 5 മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയിലാണ് ഉറ്റബന്ധം പുതുക്കി സഹകരണം വ്യാപിപ്പിക്കാന്‍ തീരുമാനമായത്.

എക്കാലവും റഷ്യയ്‌ക്കൊപ്പം നില്‍ക്കുമെന്നും ആധിപത്യ ശക്തികള്‍ക്കെതിരെ പോരാടുന്നതില്‍ പിന്തുണയേകുമെന്നും കിം പ്രഖ്യാപിച്ചു. രാജ്യാന്തര നിബന്ധനകള്‍ പാലിച്ചു കൊണ്ട് ഉത്തര കൊറിയയുമായി സൈനിക സഹകരണം ആലോചിക്കുന്നതായി പുട്ടിന്‍ പറഞ്ഞതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയ റഷ്യയ്ക്കു സൈനിക സഹായവും റഷ്യ അതിനു പകരമായി സൈനിക ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാനുള്ള പിന്തുണയും നല്‍കും. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ ആയുധക്കരുത്തു കൂട്ടാന്‍ ഉത്തര കൊറിയ സഹായിച്ചേക്കുമെന്ന അഭ്യൂഹങ്ങളും സൈനിക സഹകരണ സൂചനകളോടെ ശക്തമായി. റഷ്യയ്ക്ക് ആയുധം വില്‍ക്കരുതെന്ന് ഉത്തര കൊറിയയോട് ബ്രിട്ടന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, യുഎസ് ഉള്‍പ്പെടെ ആരോപിക്കുന്നതു പോലെ ആയുധ ഇടപാടുകള്‍ ഒന്നുമില്ലെന്ന് റഷ്യയും ഉത്തര കൊറിയയും അവകാശപ്പെട്ടു.

Top