റഷ്യയുടെ ആണവയുദ്ധക്കപ്പലിലെ സന്നാഹം നിരീക്ഷിച്ച് കിം

സോള്‍: ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശനം തുടരുന്നു. കഴിഞ്ഞദിവസം കിഴക്കന്‍ നഗരമായ കോംസോംല്‍സ്‌കില്‍ 2 പോര്‍വിമാന ഫാക്ടറികള്‍ കിം സന്ദര്‍ശിച്ചിരുന്നു. ഇന്നലെ കിം, റഷ്യന്‍ യുദ്ധക്കപ്പലില്‍ ആണവ ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍സോണിക് മിസൈലുകളും നിരീക്ഷിച്ചു.

കിഴക്കന്‍ നഗരമായ ആര്‍ച്ചോമില്‍ ട്രെയിനിലെത്തിയ കിമ്മിനെ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ഗെയ് ഷൈഗുവും മുതിര്‍ന്ന സൈനിക ജനറല്‍മാരും ചേര്‍ന്നു സ്വീകരിച്ചു. തുറമുഖ നഗരമായ വ്‌ളാഡിവോസ്റ്റോക്കില്‍ റഷ്യയുടെ ബോംബര്‍ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങള്‍ കിം അടുത്തുകണ്ടു. കിമ്മും ഷൈഗും ഒരുമിച്ചാണു പസിഫിക് സമുദ്രത്തിലെ അഡ്മിറല്‍ ഷപോഷ്‌നികോവ് യുദ്ധക്കപ്പലിലെത്തിയത്. ഉത്തരകൊറിയന്‍ വ്യോമ, നാവികസേനകളിലെ ഉന്നത ജനറല്‍മാരും കിമ്മിനെ അനുഗമിച്ചു.

റഷ്യയുടെ സൈനിക സാങ്കേതികവിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിന്റെ സന്ദര്‍ശനമെന്നു വിലയിരുത്തപ്പെടുന്നു. യുക്രെയ്‌നില്‍ റഷ്യയ്ക്കു നിലവില്‍ ലഭ്യത കുറവുള്ള പടക്കോപ്പുകള്‍ ഉത്തര കൊറിയ പകരം നല്‍കിയേക്കും. ഉത്തര കൊറിയയുമായി ആയുധക്കരാറുകളിലേര്‍പ്പെടാന്‍ യുഎന്‍ വിലക്കുള്ളതിനാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധക്കൈമാറ്റ ധാരണ പുറത്തുവിടാനിടയില്ല.

Top