ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈന്യം തയ്യാറെടുത്തുകഴിഞ്ഞതായി കിം യോ ജോങ്

സോള്‍: ദക്ഷിണ കൊറിയയ്ക്കെതിരായ നടപടിക്ക് സൈന്യം തയ്യാറാറെടുത്തു കഴിഞ്ഞതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.

‘ചവറുകള്‍ ചവറ്റുകുട്ടയില്‍തന്നെ എറിയപ്പെടണം. പരമാധികാരിയായ കിം ജോങ് ഉന്‍ ചുമതലപ്പെടുത്തിയ പ്രകാരം സായുധ വിഭാഗം മേധാവിയോട് ശത്രുരാജ്യത്തിനെതിരായി സൈനിക നീക്കത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി’, അവര്‍ പറഞ്ഞു.

ദക്ഷിണ കൊറിയയ്ക്കെതിരെ വേണ്ടിവന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അവര്‍ ഭീഷണി മുഴക്കിയിരുന്നു.അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഖുലേഖകള്‍ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കിം യോ ജോങ് ഭീഷണി ഉയര്‍ത്തിയത്.

കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവര്‍. കിം ജോങ് ഉന്നിനു ശേഷം അധികാരം ഇവരില്‍ കേന്ദ്രീകരിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.

രാജ്യത്തിന്റെ ഭരണപരമായ നിയന്ത്രണം കിം യോ ജോങ് കൈയ്യേല്‍ക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ നീക്കങ്ങള്‍.

Top