ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം മകള്‍ക്കൊപ്പം നിരീക്ഷിച്ച് കിം ജോങ് ഉന്‍

സിയോള്‍: ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം മകളുമൊത്ത് നിരീക്ഷിച്ച് ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് വ്യാഴാഴ്ച പ്യോങ്യാങ്ങില്‍ നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്‍ക്ക് മറുപടിയായാണ് രാജ്യത്തെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മോണ്‍സ്റ്റര്‍ മിസൈലെന്ന് വിളിക്കപ്പെടുന്ന ഹ്വാസോംഗ് 17ന്റെ വിക്ഷേപണമാണ് വ്യാഴാഴ്ച നടന്നത്. ഇത് ആകാശത്തിലേക്ക് ഉയര്‍ന്ന് വിജയരമായി പൊട്ടിത്തെറിക്കുകയായിരുന്നു. കിമ്മിന്റെ രണ്ടാമത്തെ മകളായ ജു ഏ ആണ് വിക്ഷേപണ സമയത്ത് കിമ്മിനൊപ്പമുണ്ടായിരുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ എടുത്ത ഭൂമിയുടെ ചിത്രങ്ങളും ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനൊപ്പം യുദ്ധ സന്നദ്ധരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയാണ് ഉത്തര കൊറിയയെന്നാണ് വിദേശ കാര്യ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ മേലെ പറക്കാതിരിക്കാനുള്ള പ്രത്യേക സംവിധാനത്തിലാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് വിവരം. മിസൈല്‍ പ്രയോഗത്തിന്റെ കൃത്യത വ്യക്തമാക്കാനാണ് മിസൈലിനൊപ്പം ഘടിപ്പിച്ച ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നാണ് നിരീക്ഷണം. സാധാരണ കോണുകളില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിക്കാനാവും ഇനിയുള്ള ശ്രമമെന്നാണ് നയതന്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്.

Top