ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകും; ഭീഷണിയുയര്‍ത്തി കിം ജോങ് ഉന്‍

സോള്‍: ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. സമീപ ഭാവിയില്‍ തന്ത്രപരമായ പുതിയ ആയുധം അവതരിപ്പിക്കുമെന്നും കിം ജോങ് ഉന്‍ പറഞ്ഞു. ഉത്തരകൊറിയന്‍ ദേശീയ മാധ്യമമായ കെസിഎന്‍എ ആണ് വിവരം പുറത്ത് വിട്ടത്.

ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കയുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കിം ജോങ് ഉന്‍ പ്രഖ്യാപിച്ച സമയപരിധിയും കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അമേരിക്ക ചര്‍ച്ചകളോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.

ഉത്തര കൊറിയയുമായി ചേര്‍ന്നുള്ള അമേരിക്കയുടെ സംയുക്ത സൈനികാഭ്യാസവും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും ഭീഷണിപ്പെടുത്തിയുള്ള നിര്‍ദേശങ്ങളുമാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ്
റിപ്പോര്‍ട്ട്.

അതേസമയം ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തെങ്കിലും ചര്‍ച്ചള്‍ക്കുള്ള വാതില്‍ തുറന്നിട്ടുണ്ട്. അമേരിക്കയുടെ പ്രതികരണത്തിന് അനുസൃതമായിട്ടായിരിക്കും ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍.

Top