കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാം യുഎസ് ചാരനെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടന്‍ :ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍, കൊല്ലപ്പെട്ട കിം ജോങ് നാം (45) യുഎസ് ചാരസംഘടനയായ സിഐഎയ്ക്ക് വിവരങ്ങള്‍ നല്‍കിയിരുന്ന ആളാണെന്ന്‌ റിപ്പോര്‍ട്ട്. വോള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് സിഐഎ നിഷേധിച്ചിട്ടില്ല.

2017 ഫെബ്രുവരിയില്‍ ക്വാലലംപുര്‍ വിമാനത്താവളത്തില്‍ വച്ച് 2 യുവതികള്‍ മുഖത്ത് രാസായുധമായ ദ്രവരൂപത്തിലുള്ള വിഎക്‌സ് പുരട്ടി കിം ജോങ് നാമിനെ കൊലപ്പെടുത്തുകയായിരുന്നു.

സിഐഎയ്ക്ക് വിവരങ്ങള്‍ കൈമാറാനെത്തിയ കിമ്മിനെ ഉത്തര കൊറിയ വധിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ കിമ്മിന്റെ ബാഗില്‍ 1,20,000 ഡോളര്‍ ഉണ്ടായിരുന്നു.ഇത് വിവരങ്ങള്‍ കൈമാറിയതിന് ലഭിച്ച പ്രതിഫലമായിരുന്നുവെന്നും പറയുന്നു. കിം നാം ഉത്തര കൊറിയയ്ക്കു വെളിയില്‍ പ്രധാനമായും മക്കാവുവില്‍ ആണ് താമസിച്ചിരുന്നത്.

കിം നാം സിഐഎയ്ക്കു മാത്രമല്ല മറ്റു രാജ്യങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിം നാമിന്റെ മരണത്തിനിടയാക്കിയ രാസായുധ ആക്രമണം നടത്തിയ ഇന്തൊനീഷ്യക്കാരി സിതി അയിസിയായെയും വിയറ്റ്‌നാംകാരി ഡൊവാന്‍ തി ഹുവോങ്ങിനെയും കഴിഞ്ഞ മേയില്‍ മലേഷ്യ വിട്ടയച്ചിരുന്നു.

Top