kim jong un – korea

സോള്‍: ഐക്യരാഷ്ട്ര രക്ഷാസമിതി ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തിനിടെ കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്താന്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ഉത്തരവ്. ഇന്നലെ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം വീക്ഷിയ്ക്കവെ ആണ് കിം ജോങ് ഉന്‍ ഇക്കാര്യം പറഞ്ഞത്. ഗവണ്‍മെന്റ് വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഇന്നലെ പരീക്ഷിച്ചത്.

ദക്ഷിണകൊറിയയും അമേരിക്കയും അതിര്‍ത്തിയില്‍ നടത്തുന്ന സംയുക്ത സൈനികാഭ്യാസമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിയ്ക്കാന്‍ കാരണം. ജനുവരിയില്‍ ഹൈഡ്രജന്‍ ബോംബെന്ന് അവകാശപ്പെട്ട് ഉത്തരകൊറിയ അണുബോംബ് പരീക്ഷിച്ചതോടെയാണ് മേഖലയില്‍ ഒരു ഇടവേളയ്ക്ക് ശേഷം സംഘര്‍ഷാവസ്ഥാ രൂക്ഷമായത്.

പിന്നീട് ഉപഗ്രഹ റോക്കറ്റുകള്‍ എന്ന പേരില്‍ ദീര്‍ഘദൂര റോക്കറ്റുകളും ഉത്തരകൊറിയ വിക്ഷേപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുഹൃദ് രാഷ്ട്രമായ ചൈനയടക്കം ഉത്തരകൊറിയയ്ക്ക് എതിരായി. ഇതിന് ശേഷമാണ് യു.എന്‍ രക്ഷാസമിതി ഉത്തരകൊറിയയ്‌ക്കെതിരെ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അവഗണിച്ച് ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങള്‍ തുടരുകയാണ്.

Top