വാംബയറുടെ മരണം; കിം ജോങ് ഉന്നിനും ഡൊണാള്‍ഡ് ട്രംപിനും എതിരെ മാതാപിതാക്കള്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനും ഉത്തര കൊറിയക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍. കൊറിയന്‍ ജയിലില്‍ നിന്നേറ്റ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണ് തങ്ങളുടെ മകന്‍ മരിച്ചതെന്നും, ഓട്ടോ വാംബയറുടെ മരണത്തില്‍ കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സംസാരിച്ച ഡൊണള്‍ഡ് ട്രംപിന്റെ നടപടി ശരിയല്ലെന്നും വാംബറുടെ മാതാപിതാക്കള്‍ വിമര്‍ശിച്ചു.

കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായി പുറത്തുവന്ന പരാമര്‍ശങ്ങളാണ് വാംബയറുടെ മാതാപിതാക്കളെ രോക്ഷം കൊള്ളിച്ചത്. വാംബയറെ കുറിച്ചും അദ്ദേഹത്തിന്റെ തടവുകാല സാഹചര്യങ്ങളെ കുറിച്ചും അറിയില്ല എന്നായിരുന്നു കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പരാമര്‍ശം. കിം ജോങ് ഉന്‍ തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും താന്‍ ആ വാക്കുകളെ വിശ്വസിക്കുന്നുവെന്നുമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

വിനോദയാത്രയുടെ ഭാഗമായി ഉത്തര കൊറിയയിലെത്തിയ, വിര്‍ജീനിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്നു ഓട്ടോ വാംബയര്‍. തുടര്‍ന്ന് ചാരപ്രവര്‍ത്തനമാരോപിച്ച് ഉത്തര കൊറിയ ഇയാളെ തടവിലാക്കുകയായിരുന്നു.ജയില്‍ അധികൃതര്‍ തങ്ങളുടെ 22 കാരനായ മകനെ മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്നും ഒരു വര്‍ഷത്തെ തടവിനു ശേഷം മോചിപ്പിക്കുമ്പോള്‍ മകന്‍ അബോധാവസ്ഥയിലായിരുന്നുവെന്നും നാട്ടിലെത്തി രണ്ടാം നാള്‍ മരിച്ചുവെന്നും പറഞ്ഞ മാതാപിതാക്കള്‍, കിം ജോങ് ഉന്നുമായി സമാധാന സംഭാഷണങ്ങള്‍ക്കായി ഡൊണാള്‍ഡ് ട്രംപ് തങ്ങളെ വഞ്ചിക്കുകയാണെന്നും ആരോപിച്ചു.

Top