കിം ജോങ് ഉന്‍ ചൈനയില്‍, യുഎസ് – ഉത്തരകൊറിയ ഉച്ചകോടി ഉടന്‍

ബെയ്ജിങ് : യുഎസ് ഉത്തര കൊറിയ രണ്ടാം ഉച്ചകോടി ഉടനെയുണ്ടാകുമെന്ന് സൂചന. ഉത്തരകൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശിച്ചതായി ഉത്തരകൊറിയയും ചൈനയും സ്ഥിരീകരിച്ചു.

ഇന്നലെ കിമ്മിന്റെ 36ാം ജന്മദിനമായിരുന്നു. ഭാര്യ റി സോള്‍ജുവുമൊത്തു തിങ്കഴാഴ്ച ചൈനയിലെത്തിയ കിം ജന്മദിനാഘോഷവും കഴിഞ്ഞേ ഉത്തരകൊറിയയിലേക്ക് മടങ്ങു. ഉത്തര കൊറിയയുടെ പച്ചയും മഞ്ഞയും ചായമടിച്ച ട്രെയിന്‍ അതിര്‍ത്തി കടന്നു ബെയ്ജിങ്ങിലേക്കു നീങ്ങുന്നതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. കിം ചൈനയിലെത്തിയ വിവരം പിന്നീട് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. യുഎസുമായും ദക്ഷിണ കൊറിയയുമായും നയതന്ത്ര ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന കിം യോങ് ചോളും സംഘത്തിലുണ്ട്.

കഴിഞ്ഞ ജൂണില്‍, ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ചകള്‍ക്ക് ശേഷമാണ് കിം ആദ്യ ഉച്ചകോടിക്ക് സിംഗപ്പൂരിലെത്തിയത്. ലോകരാഷ്ട്രങ്ങളെല്ലാം ഉറ്റുനോക്കിയ ഉച്ചകോടിയായിരുന്നു അത്. അതിന് ശേഷം യുഎസ് ഉത്തരകൊറിയയ്ക്ക മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. അത് ഇത് വരെ പാലിക്കാത്തതിനാല്‍ പ്രതിജ്ഞയില്‍ നിന്ന് പിന്മാറുമെന്ന് കിം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ് പ്രഖ്യാപിച്ചു.

വീണ്ടും ഇരുരാജ്യങ്ങളും സൗഹൃദത്തിന് പുതുവഴികള്‍ തേടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കിം ഇപ്പോള്‍ ചൈന സന്ദര്‍ശിച്ചത് ശുഭസൂചനയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീണ്ടും യുഎസ് ഉത്തരകൊറിയ ഉച്ചകോടി ഉടന്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

Top