‘പോരാടാൻ എട്ട് ലക്ഷം യുവാക്കൾ തയ്യാർ’; അമേരിക്കക്കെതിരെ വെല്ലുവിളിയുമായി കിം ജോങ് ഉൻ

പോങ്യാങ്: അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോ​ഗിക പത്രമായ റോഡോങ് സിൻമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയുടെ ശത്രുക്കളെ പൂർണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉത്തരകൊറിയൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിന് തയ്യാറായി യുവാക്കൾ രം​ഗത്തെത്തിയതായി പത്രം റിപ്പോർട്ട് ചെയ്തത്.

സന്നദ്ധ സേവനത്തിന് പേര് നൽകാൻ നീണ്ട വരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കമെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഉത്തരകൊറിയയിൽ നിർബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്.

എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വർഷവും സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്നാണ് നിയമം. യുഎസും ദക്ഷിണ കൊറിയയും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയ അറിയിച്ചു.

Top