സിംഗപ്പൂരിൽ ചർച്ച യൊക്കെ ആകാം പക്ഷേ ടോയ്ലറ്റിൽ കിമ്മിന് വിശ്വാസം ഇല്ല !

സിംഗപ്പൂര്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി. വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി കിം എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വകാര്യ ജറ്റ് വിമാനത്തിലാണു കിം സിംഗപ്പൂരിലെത്തിയത്. സെന്റ് റീജിസ് ഹോട്ടലിലാണ് കിം തങ്ങുന്നത്. ട്രംപ് ഷാംഗ്രില ഹോട്ടലിലും.

അതേസമയം ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പഴയകാര്യങ്ങള്‍ അപ്രസക്തമായെന്നും ഒട്ടേറെ തടസങ്ങള്‍ മറികടന്നാണ് കാര്യങ്ങള്‍ ഇവിടംവരെ എത്തിയതെന്ന് കിമ്മും പ്രതികരിച്ചു. മാധ്യമങ്ങളെ കണ്ട ശേഷമാണ് അടച്ചിട്ട മുറിയില്‍ ഇരു നേതാക്കളും പരിഭാഷകര്‍ മാത്രമായി കൂടിക്കാഴ്ച നടന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ക്കാണുന്നത്. അണ്വായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വര്‍ഷത്തിന്റെ തുടക്കംമുതല്‍ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി.

Top