അമേരിക്കയുമായുള്ള ചര്‍ച്ച ഫലം ചെയ്തില്ല ; പുടിൻ- കിം ജോംഗ് ഉൻ ഉച്ചകോടി ഉടൻ റഷ്യയിൽ

മോസ്‌കോ: റഷ്യയുമായി ചര്‍ച്ചയ്ക്കൊരുങ്ങി ഉത്തര കൊറിയ. റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും കൊറിയന്‍ തലവന്‍ കിങ്ങ് ജോംഗ് ഉന്നും തമ്മിലുള്ള ഉച്ചകോടി വ്യാഴാഴ്ച്ച റഷ്യന്‍ നഗരമായ വല്‍ദിവോസ്റ്റോക്കില്‍ നടക്കും.

കൊറിയന്‍ മേഖലയിലെ ആണവപ്രതിസന്ധിയാവും ചര്‍ച്ചയിലെ പ്രധാനവിഷയമെന്ന് ക്രെംലിന്‍ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് അറിയിച്ചു. നേരത്തെ അമേരിക്കയുമായുള്ള ചര്‍ച്ച തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് ഉത്തര കൊറിയ റഷ്യയുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.

പുടിന്റെ ക്ഷണം സ്വീകരിച്ച് കിം ഏപ്രില്‍ രണ്ടാം പകുതിയില്‍ റഷ്യയിലെത്തുമെന്ന് മോസ്‌കോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആണവ നിയന്ത്രണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സമാധാന ഉച്ചകോടി പരാജയപ്പെട്ടശേഷം തങ്ങള്‍ ഒരു പുതിയ ശക്തമായ ആയുധം പരീക്ഷിച്ചു എന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തിന് തൊട്ടു പിന്നാലെയായിരുന്നു റഷ്യയിലേക്കുള്ള പുടിന്റെ ക്ഷണം. കിമ്മുമായി ഒരു കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം പുടിൻ ദീര്‍ഘനാളുകളായി പ്രകടിപ്പിച്ചുവരികയായിരുന്നു.

റഷ്യയും ഉത്തരകൊറിയയുമായി അവസാനമായി ഒരു ഉച്ചകോടി നടന്നത് 2011-ലാണ്. അന്ന് കിം ജോംഗ് ഉന്നിന്റെ അച്ഛൻ കിം ജോങ് ഇൽ സൈബീരിയയിലെത്തി ദിമിത്രി പേസ്‌കോവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു

Top