അതിര്‍ത്തി കലുഷിതം; തീവ്രവാദികളുടേത് മനശാസ്ത്രപരമായ യുദ്ധതന്ത്രം

kashmir

ന്യൂഡല്‍ഹി: കഴിഞ്ഞ 28 കൊല്ലമായി അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്. പാക്ക് തീവ്രവാദികളും ഇന്ത്യന്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകള്‍ ഇവിടെ നിരന്തരം നടക്കുന്ന സാധാരണ പ്രക്രിയ്യ ആയി മാറി. 1980-90 കളില്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പക്ഷേ വളരെപ്പെട്ടെന്നാണ് പഞ്ചാബ് മേഖലകളില്‍ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 1999ല്‍ തീവ്രവാദികള്‍ തങ്ങളുടെ സ്ഥിരം രീതികളില്‍ നിന്ന് മാറി ചാവേറുകളെ ഉപയോഗിച്ച് തുടങ്ങി. എന്നാല്‍, ആദ്യഘട്ടങ്ങളിലെ ചില തിരിച്ചടികള്‍ ഒഴിച്ചാല്‍ ഇന്ത്യയ്ക്ക് ഇവ നിയന്ത്രിക്കാന്‍ സാധിച്ചു.

തെരുവുകള്‍ പ്രക്ഷുബ്ധമാക്കിക്കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു 2008ല്‍ തീവ്രവാദികള്‍ അവലംബിച്ച രീതി. 2015 വരെ വിവിധ രീതികളില്‍ ഇവര്‍ ഇത് പിന്തുടര്‍ന്നു. എന്നാല്‍ നിരന്തരമായ ജാഗ്രതയിലൂടെയും സുരക്ഷ ശക്തമാക്കിയും ഇന്ത്യന്‍ സേന ഇവയെ ചെറുത്തു.

പ്രാദേശിക ജനവിഭാഗം കൂടുതലായി സേനയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ലോക്കല്‍ പൊലീസിലും മറ്റും നിരവധി പേരാണ് കൂടുതലായി എത്തുന്നത്. ഇതിനെ ഇല്ലാതാക്കുകയും മാനസികമായി ഇവരെ തളര്‍ത്തുകയുമാണ് ഇപ്പോള്‍ തീവ്രവാദികളുടെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മൂന്ന് പൊലീസുകാരെ അതിക്രൂരമായി കൊലചെയ്യുകയും മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തത് മനശാസ്ത്രപരമായ യുദ്ധത്തിന് തുടക്കം കുറിച്ചു കൊണ്ടാണെന്ന് അഭിപ്രായങ്ങളുണ്ട്.

പൊലീസ് സേനയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ രാജിവയ്ക്കണം എന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് ശേഷമാണ് മൂന്ന് പൊലീസുകാരെ വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ട് പോയി കൊല്ലുന്നത്. ഇത് മറ്റുള്ളവര്‍ക്ക് പൊലീസിലോ ആര്‍മിയിലോ ചേരുന്നതിന് മാനസിക ബുദ്ധിമുട്ടും പേടിയും ഉണ്ടാക്കും. വീട്ടുകാരുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കില്ല. ഇത്തരത്തില്‍ സൈന്യത്തെ മൊത്തത്തല്‍ തളര്‍ത്തുന്ന സമീപനമാണ് ഏറ്റവും പുതിയതായി ഭീകരര്‍ എടുത്തിട്ടുള്ളത്.

അതുപോലെ തന്നെ, ഷോപിയന്‍- കുല്‍ഗാം മേഖലകളില്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തുന്നത് 24 മണിക്കൂര്‍ പട്രോളിംഗ് ഇവിടെ ശക്തമാക്കാന്‍ ഇന്ത്യന്‍ സേനയെ പ്രേരിപ്പിക്കും. കൂടുതല്‍ സൈനികര്‍ ഈ മേഖലയില്‍ മാത്രമായി ഒതുങ്ങും. ഇതും ഭീകരവാദികള്‍ ലക്ഷ്യം വയ്ക്കുന്നു.

സോഷ്യല്‍ മീഡിയകള്‍ വഴി ഈ മേഖല വളരെ പ്രശ്‌നകലുഷിതമാണെന്ന് പ്രചരിപ്പിക്കാനും അവര്‍ ശ്രമിക്കുന്നു. സമൂഹമാധ്യമങ്ങള്‍ അതേ രീതിയില്‍ ഇന്ത്യയ്ക്കും ഉപയോഗിക്കാവുന്നതാണ്. സത്യാവസ്ഥ ബോധ്യപ്പെടുത്തി ജനങ്ങളുടെ മാനസിക ബലം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് വളരെ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Top