ആരാണ് ആദ്യം വെടിവെച്ചത്, പ്രതികളുടെ കൈയില്‍ ആയുധം ഉണ്ടായിരുന്നോ?തരൂര്‍

ഹൈദരാബാദ് പീഡനകൊലപാതക കേസിലെ പ്രതികളെ എന്‍കൗണ്ടറില്‍ വകവരുത്തിയ തെലങ്കാന പോലീസിന് കൈയടി ലഭിക്കുന്നതിനിടെ മറുഭാഗത്ത് വിമര്‍ശനങ്ങളും രൂക്ഷമാകുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്തുള്ള കൊലപാതകങ്ങള്‍ സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കി.

‘തത്വങ്ങളില്‍ അനുകൂലിക്കാം. നമുക്ക് ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വേണം, ക്രിമിനലുകള്‍ സായുധരായിരുന്നോയെന്നും, പോലീസാണോ വെടിവെപ്പിന് തുടക്കം കുറിച്ചതെന്നും അറിയണം. വിവരങ്ങള്‍ കൃത്യമായി ലഭ്യമാകുന്നതിന് മുന്‍പ് അപലപിക്കാന്‍ തിരക്ക് കാണിക്കേണ്ട. എന്നാല്‍ നിയമം നിലനില്‍ക്കുന്ന സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്തുള്ള കൊലപാതകങ്ങള്‍ സ്വീകാര്യമല്ല’, ശശി തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

“പോലീസ് വെടിവെച്ച് കൊന്ന ഈ നാല്‍വര്‍ സംഘം നിരപരാധികളാണോ എന്ന് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കരുണ നന്ദി പറഞ്ഞു. നടപടി എടുക്കുന്നെന്ന് അറിയിക്കാന്‍ വേഗത്തില്‍ അറസ്റ്റ് ചെയ്തവരാണോയെന്നും അറിയാന്‍ കഴിയില്ല. യഥാര്‍ത്ഥ പീഡകര്‍ പുറത്ത് സ്വതന്ത്രരായി നടക്കുമോയെന്നും കൂടുതല്‍ സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുമോയെന്നും നമുക്കറിയില്ല,” കരുണ നന്ദി ചൂണ്ടിക്കാണിച്ചു.

പോലീസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഡ്വക്കേറ്റ് വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു. എന്‍കൗണ്ടര്‍ പരിഹാരമല്ലെന്ന് മനേകാ ഗാന്ധിയും വ്യക്തമാക്കി. അതേസമയം മുന്‍ ജമ്മു കശ്മീര്‍ പോലീസ് മേധാവി ശേഷ് വൈദ്, ബാഡ്മിന്റണ്‍ താരം സെയ്‌ന നേവാള്‍, ബോളിവുഡ് അഭിനേതാവ് അനുപം ഖേര്‍, അല്ലു അര്‍ജ്ജുന്‍, സാമന്ത അക്കിനേനി തുടങ്ങിയവര്‍ തെലങ്കാന പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Top