കിളികൊല്ലൂർ പൊലീസ് മർദ്ദനം: എഫ്‌ഐആർ റദ്ദാക്കാനാവില്ല: ഹൈക്കോടതി

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റ സൈനികനും സഹോദരനും എതിരായ എഫ്‌ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായശേഷം എഫ്‌ഐആർ റദ്ദാക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവും കോടതി തള്ളി.

പൊലീസ് അതിക്രമത്തിന് ഇരയായ സൈനികൻ വിഷ്ണുവും സഹോദരനും നൽകിയ ഹർജിയിലാണ് കോടതി വിധി. ഇവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. തങ്ങളെ പൊലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നു. ഈ കേസ് മറികടക്കുന്നതിന് വേണ്ടിയാണ് പൊലീസ് തങ്ങൾക്കെതിരെ കേസെടുത്തതെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന സഹോദരങ്ങളുടെ ആവശ്യവും കോടതി നിരാകരിച്ചു.

തങ്ങളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കോടതി തള്ളി. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

Top