‘കൊല്ലപ്പെട്ട ഷാര്‍പ്പ് ഷൂട്ടര്‍മാർ എന്റെ ആളുകൾ’; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ഗോള്‍ഡി ബ്രാര്‍

പഞ്ചാബ്: സിദ്ധു മൂസേവാല വധക്കേസിലെ പ്രതികള്‍ പഞ്ചാബ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യപ്രതി ഗോള്‍ഡി ബ്രാര്‍. കൊല്ലപ്പെട്ടവരെ ‘അപകടകാരികളായ സിംഹങ്ങള്‍’ എന്ന വിശേഷിപ്പിച്ചാണ് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാത്തലവന്റെ പോസ്റ്റ്. ബുധനാഴ്ചയാണ് അമൃത്സര്‍ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം പഞ്ചാബ് പോലീസ് നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് ഷാര്‍പ്പ് ഷൂട്ടര്‍മാർ കൊല്ലപ്പെട്ടിരുന്നു. മന്‍പ്രീത് മനുവും ജഗ്ദീപ് രൂപയുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇരുവരും മരിക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നതായും തന്റെ ആളുകളാണ് ഇവരെന്നും ബ്രാര്‍ പോസ്റ്റില്‍ പറയുന്നു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും ബ്രാർ വ്യക്തമാക്കി.

കൊല്ലപ്പെട്ട ഷാര്‍പ്പ് ഷൂട്ടര്‍മാരോട് പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ താന്‍ ആവശ്യപ്പെട്ടതായും ഗോള്‍ഡി ബ്രാര്‍ അവകാശപ്പെട്ടു. ഷാര്‍പ്പ് ഷൂട്ടര്‍ അങ്കിത് പ്രതിഫലം വാങ്ങിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബ്രാറിന്റെ പോസ്റ്റില്‍ പറയുന്നു. മനുവും രൂപയും ധൈര്യശാലികളാണെന്ന് പറഞ്ഞ ബ്രാര്‍, അങ്കിതിനും അതിനനുസരിച്ച് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. കൊല്ലപ്പെട്ട ഷാര്‍പ്പ് ഷൂട്ടര്‍മാരോട് നന്ദിയുള്ളവരായി തുടരുമെന്നും അവരുടെ കുടുംബങ്ങളെ സഹായിക്കുമെന്നും ബ്രാര്‍ ഫേസ്ബുക്കിലെഴുതി. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ബ്രാര്‍ ഇപ്പോഴും ഒളിവിലാണ്.

Top