കശ്മീരില്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഭീകരന്‍; സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചു

ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. സെയ്‌ന പോറ ഏരിയയിലെ കശ്‌വ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശവാസികള്‍ക്ക് നേരെ ഭീകരന്‍ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.

തിങ്കളാഴ്ച തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലെ റാവല്‍പോറ വില്ലേജില്‍ നടത്തിയ തിരച്ചിലില്‍ ജെയ്‌ഷെ മുഹമ്മദ് കമാണ്ടര്‍ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.

നേരത്തെ, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നും നാല് സ്റ്റിക്കി ബോംബുകള്‍ സുരക്ഷ സേന കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡെത്തി ഇത് നിര്‍വീര്യമാക്കി. സംഭവത്തെ തുടര്‍ന്ന് പൂഞ്ചില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മെഹ്‌മൂദ് ഹുസൈന്‍ എന്ന ആളുടെ കൈയില്‍ നിന്നാണ് സേന ബോംബ് പിടികൂടിയത്. ഉറിയില്‍ ഭീകരര്‍ നുഴഞ്ഞു കയറിയ സംഭവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ അഞ്ചിടങ്ങലില്‍ എന്‍ഐഎ പരിശോധന നടത്തുകയാണ്. ഈ തിരച്ചിലിലാണ് സേന ബോംബ് പിടികൂടുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ ചോദ്യം ചെയ്യുമെന്നും സേന അറിയിച്ചു.

Top