കൊല്ലപ്പെട്ടത് ജൂനിയര്‍ ഗുസ്തി താരം; സമാന പേര് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് പൊലീസ്

ദില്ലി: ഹരിയാനയിലെ സോണിപത്തില്‍ കൊല്ലപ്പെട്ടത് ദേശീയ ഗുസ്തി താരം നിഷ ദഹിയ അല്ലെന്നും സമാന പേരുള്ള ജൂനിയര്‍ താരമെന്നും സ്ഥിരീകരിച്ച് പൊലീസ്. പേരിലെ സാമ്യം ആണ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ കാരണമെന്ന് ഹരിയാന പൊലീസ് അറിയിച്ചു. കോച്ചായ പവന്‍ എന്നയാളാണ് നിഷയേയും സഹോദരന്‍ സൂരജിനെയും ആക്രമിച്ചത്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയില്‍ കഴിയുന്ന അമ്മ അപകടനില തരണം ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.

ദേശീയ ഗുസ്തി താരമായ നിഷ ദഹിയ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിഷ ദഹിയയും സഹോദരനും കൊല്ലപ്പെട്ടതിന് പുറമെ മാതാവിന് ഗുരുതരമായി പരിക്കേറ്റു എന്നുമായിരുന്നു റിപ്പോര്‍ട്ട്. മാതാവിനെ റോത്തക്കിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നിഷ ദഹിയയുടെയും സഹോദരന്റേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സോണിപ്പത്തിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണ് എന്ന് പിന്നീട് തെളിഞ്ഞു.

Top