വയോധികയെ കൊലപ്പെടുത്തി വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു; കൗമാരക്കാര്‍ അറസ്റ്റില്‍

പുണെ: വയോധികയെ കൊലപ്പെടുത്തി വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍. 16, 14 വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 30-നാണ് പൂണെ ഹിങ്‌നെഖുര്‍ദ് സയാലി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന 70 വയസ്സുകാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റനിലയിലാണ് വയോധികയുടെ മൃതദേഹം വീട്ടില്‍ കിടന്നിരുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല.

ഇതിനിടെയാണ് പ്രദേശത്തെ ചില കുട്ടികളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
കൊല്ലപ്പെട്ട വയോധികയുടെ വീടിന് സമീപം പതിവായി കളിച്ചിരുന്നവരായിരുന്നു ഇവര്‍. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്ലാവരും പാനിപൂരി കഴിക്കാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള രണ്ടുപേര്‍ വന്നില്ലെന്നും അവര്‍ ധൃതിപിടിച്ച് വീട്ടിലേക്ക് ഓടിപ്പോയെന്നുമായിരുന്നു കുട്ടികളുടെ മൊഴി.

വയോധിക കൊല്ലപ്പെട്ട ദിവസമാണ് ഇത് നടന്നതെന്നും കുട്ടികള്‍ പൊലീസുകാരോട് പറഞ്ഞിരുന്നു. ഇതോടെ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിച്ചു. ദൃശ്യങ്ങളില്‍ രണ്ട് കുട്ടികള്‍ സംശയാസ്പദമായരീതിയില്‍ നടന്നുപോകുന്നതും കണ്ടു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ടെലിവിഷന്‍ ക്രൈം ഷോയായ ‘സി.ഐ.ഡി’ കണ്ടാണ് പ്രതികളായ കുട്ടികള്‍ കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുവരും 70-കാരിയുടെ വീട്ടിലെത്തുന്നത്. ആ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വയോധിക ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ വയോധികയുടെ മൂക്കുംവായും പൊത്തിപിടിച്ച് ശ്വാസംമുട്ടിക്കുകയായിരുന്നു. തുടര്‍ന്ന് നിലത്തേക്ക് തള്ളിയിട്ടു. ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന 93,000 രൂപയും 67,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് കടന്നുകളയുകയുമായിരുന്നു.

കൈയുറ ധരിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൈയുറ ധരിച്ചാല്‍ വിരലടയാളം പതിയില്ലെന്ന വിവരം മനസിലാക്കിയത് ടി.വി.യിലെ ക്രൈം ഷോയില്‍നിന്നാണെന്ന് കുട്ടികള്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.

 

Top