കോട്ടയം: പ്രണയം നിരസിച്ചതിനു യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെയും ആത്മഹത്യ ചെയ്ത യുവാവിന്റെയും മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി (ബിപിടി) വിദ്യാര്‍ഥിനി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകള്‍ കെ. ലക്ഷ്മി (21) യും കൊല്ലം, നീണ്ടകര, പുത്തന്‍തുറ കൈലാസമംഗലത്ത് സിനിതന്റെ മകനും കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ആദര്‍ശു (25) മാണ് മരിച്ചത്.
അതീവ ഗുരുതരനിലയില്‍ പൊള്ളലേറ്റ നിലയില്‍ ലക്ഷ്മിയെയും ആദര്‍ശിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരിക്കുകയായിരുന്നു.
ലക്ഷ്മിയുടെയും ആദര്‍ശിന്റെയും ദേഹത്തു തീ പടര്‍ന്നു പിടിക്കുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊള്ളലേറ്റ റേഡിയോളജി വിദ്യാര്‍ഥികളായ മുണ്ടക്കയം പഴാശേരില്‍ അജ്മല്‍ (21), മുണ്ടക്കയം പറത്താനം കളത്തിങ്കല്‍ അശ്വിന്‍ (20) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലക്ഷ്മിയുടെയും ആദര്‍ശിന്റെയും പ്രണയബന്ധം അവസാനിച്ചശേഷം ആദര്‍ശ് പല തവണ ലക്ഷ്മിയുടെ വീട്ടില്‍ പോയി ശല്യപ്പെടുത്തിയിരുന്നു. വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തുകയും അത് ലക്ഷ്മിയുടെ മാതാപിതാക്കള്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അദര്‍ശുമായുള്ള ബന്ധത്തോട് ലക്ഷ്മിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ലക്ഷ്മി വീട്ടുകാരുടെ ആവശ്യത്തെതുടര്‍ന്ന് ബന്ധത്തില്‍നിന്ന് പിന്മാറി.
താന്‍ എന്തുകൊണ്ടാണ് ബന്ധത്തില്‍നിന്നു പിന്‍മാറുന്നതെന്ന് ആദര്‍ശിനെ ലക്ഷ്മി ബോധ്യപ്പെടുത്തിയിരുന്നു. പിന്നീട് അദര്‍ശ് പലപ്പോഴും എസ്എംഇയില്‍ വന്നിരുന്നെങ്കിലും ലക്ഷ്മിയുടെ സഹപാഠികള്‍ വിരട്ടിയോടിക്കുകയായിരുന്നു. ഇനി എസ്എംഇയില്‍ വന്നു ലക്ഷ്മിയെ ശല്യം ചെയ്യരുതെന്നും ആദര്‍ശിനോടു പറഞ്ഞിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് ആദര്‍ശ് വീണ്ടും എത്തിയത്. ഫിസിയോതെറാപി വിഭാഗത്തിലെ ലക്ചര്‍ ഹാളിലെത്തി കൂട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ലക്ഷ്മിയോട് തനിക്കു കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും തനിച്ചു വരണമെന്നും പറഞ്ഞപ്പോള്‍ ലക്ഷ്മി കൂട്ടാക്കിയില്ല. എല്ലാവര്‍ക്കും കേള്‍ക്കാനുള്ളതു വല്ലതുമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.
അല്‍പനേരം കാത്തുനിന്നെങ്കിലും ലക്ഷ്മി വരില്ലെന്നുറപ്പാക്കിയ ആദര്‍ശ് പുറത്തുപോയി തിരികെ കാമ്പസില്‍ എത്തിയത് പെട്രോള്‍ കന്നാസുമായിട്ടായിരുന്നു. വന്നപാടെ ലക്ഷ്മിയുടെ അടുത്തേക്ക് ഓടിയെത്തി തലയിലൂടെ പെട്രോള്‍ ഒഴിച്ചു. പാതിയോളം പെട്രോള്‍ ലക്ഷ്മിയുടെ തലയിലൂടെ ഒ!ഴിച്ചശേഷം സ്വന്തം തലയിലൂടെയും ഒഴിക്കുകയായിരുന്നു.
ലൈറ്റര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേഹത്തേക്ക് പെട്രോള്‍ വീണ ക്‌ളാസ്സില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഇറങ്ങിയോടി. പ്രാണരക്ഷാര്‍ത്ഥം ലക്ഷ്മി തൊട്ടടുത്തുളള ലൈബ്രറിയിലേക്കും ഓടിക്കയറി. ആദര്‍ശും പിന്നാലെയുണ്ടായിരുന്നു. മുറിയില്‍ മേശയുടെ ചുറ്റും ഓടി ലക്ഷ്മി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലൂം ആദര്‍ശ് ഓടിച്ചിട്ടു പിടിച്ചു തീ കൊളുത്തി. ദേശത്ത് തീ പടര്‍ന്ന നിലയില്‍ ഇരുവരും ലൈബ്രറിക്കുള്ളിലൂടെ പാഞ്ഞു നടക്കുകയും ഒടുവില്‍ ലക്ഷ്മി ലൈബ്രറിക്ക് മുമ്പിലും ആദര്‍ശ് ലൈബ്രറിക്കുള്ളിലും കത്തിക്കരിഞ്ഞു വീണു.
ഇവിടെയുണ്ടായിരുന്നു അധ്യാപകന്‍ അല്‍ബലിയും ഭാര്യ പ്രതിഭയും ലക്ഷ്മിയെയും പിന്നാലെ ആംബുലന്‍സില്‍ ആദര്‍ശിനെയൂം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരണത്തിന് കീഴടങ്ങി. ജനുവരി 10 ന് മകളെ ശല്യം ചെയ്യുന്നതിന് ലക്ഷ്മിയുടെ പിതാവ് കൃഷ്ണകുമാര്‍ ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ ആദര്‍ശിനെതിരേ പരാതി നല്‍കിയിരുന്നു. പിന്നാലെ പോലീസ് ആദര്‍ശിനെയും പിതാവ് സുനിതനെയും വിളിച്ചു വരുത്തുകയും ലക്ഷ്മിയെ ഇനി ശല്യം ചെയ്യില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു.