കിഫ്ബി തുടങ്ങിയത് അഴിമതി ഒഴിവാക്കാന്‍; വിശദീകരണവുമായി തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: കിഫ്ബി തുടങ്ങിയത് അഴിമതി ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയെന്ന് ധനമന്ത്രി തോമസ് ഐസക്.

കിഫ്ബിയില്‍ ഒരു തട്ടിപ്പും വെട്ടിപ്പും നടക്കില്ലെന്നും 12 കിഫ്ബി പദ്ധതികള്‍ക്ക് പരിശോധനയ്ക്കു ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സി എജി ഓഡിറ്റിന് തടസമില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ട്രാന്‍സ്ഗ്രിഡ് ആരോപണത്തില്‍ ചെന്നിത്തലയ്ക്കുള്ള മറുപടിയും തോമസ് ഐസക് നല്‍കി. ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് ഡല്‍ഹി ഷെട്യൂള്‍ റേറ്റ് തീരുമാനിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

മസാല ബോണ്ട് വിവരങ്ങളും കൈമാറും. സിഎജിയ്ക്ക് സര്‍ക്കാര്‍ മറുപടി നല്‍കും. എന്തിനാണ് സിഎജി നിരന്തരം കത്തെഴുതുന്നതെന്ന് അവരോട് തന്നെ ചോദിക്കണം. കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കും, തോമസ് ഐസക് അറിയിച്ചു.

കിഫ്ബി വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കെഎസ്ഇബി അടക്കമുള്ള കിഫ്ബി പദ്ധതികളില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് നിരക്ക് നിശ്ചയിച്ച കെഎസ്ഇബിയുടെ രീതിയോട് യോജിപ്പുണ്ടോ, നടപടികള്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം ഏല്‍പിച്ചത് പരിശോധിക്കുമോ തുടങ്ങിയ ചോദ്യങ്ങളും സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

എന്നാല്‍, എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണ വ്യവസായം തുടങ്ങിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Top