സ്ഥലമില്ലാത്തതിനാലാണ് പണി നിര്‍ത്തിവെച്ചത്; ഗണേഷ് കുമാറിന് കിഫ്ബിയുടെ മറുപടി

Ganesh kumar

തിരുവനന്തപുരം: ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നില്ലെന്ന എംഎല്‍എ കെ.ബി. ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ‘കിഫ്ബി’. സ്ഥലം ഏറ്റെടുക്കാതെ പദ്ധതി നടപ്പാക്കിയാല്‍ ഗുണനിലവാരം ഉറപ്പാക്കാനാവില്ല. ഏനാത്ത് – പത്തനാപുരം റോഡിനു പലയിടത്തും വീതി ആറു മീറ്ററാണ്. 13.6 മീറ്റര്‍ വേണ്ടിടത്താണിത്. സ്ഥലമില്ലാത്തതിനാലാണ് പണി നിര്‍ത്തിവച്ചത്. മാനദണ്ഡം മാറ്റി വിട്ടുവീഴ്ചയില്ലെന്നും ‘കിഫ്ബി’ വ്യക്തമാക്കി.

പത്തനാപുരത്ത പ്രഖ്യാപിക്കപ്പെട്ട റോഡുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നും റീ ഷെഡ്യൂള്‍ ചെയ്ത് ടെന്‍ഡര്‍ മാറ്റിയതാണ് കാരണമായി പറയുന്നതെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. 2018-19ല്‍ പത്തനാപുരത്തു പ്രഖ്യാപിച്ച റോഡുകളിലും പണി തുടങ്ങിയില്ല. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണ്. കോടിക്കണക്കിനു രൂപ ശമ്പളം കൊടുക്കുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിനു പുറത്തുനിന്നു കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേഷ് കുമാര്‍ ചോദിച്ചിരുന്നു.

വെഞ്ഞാറമൂട് മേല്‍പ്പാലം ടെന്‍ഡര്‍ അന്തിമഘട്ടത്തിലാണെന്നും ‘കിഫ്ബി’ ഇന്ന് അറിയിച്ചു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുന്നതോടെ പദ്ധതി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ ബജറ്റിലൂടെയാണ് ഇത് പൂര്‍ത്തീകിരക്കുന്നതെങ്കില്‍ അതിന് ഒരു ദശകമെങ്കിലും വേണ്ടിവരുമെന്നും മറുപടിയില്‍ പറഞ്ഞു.

Top