പ്രതിപക്ഷ നേതാവ് പറഞ്ഞത് തിരിച്ചടിച്ചു, വി.എസ് ഇരുന്ന കസേരയുടെ ഒരു ‘ഗതി”

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു ദുരന്തമായി മാറിയിരിക്കുകയാണിപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ഈ കസേരയിലിരുന്ന വി.എസിനോളം വരില്ല എന്നത് പോകട്ടെ അതിന്റെ അടുത്ത് പോലും എത്തുന്നതല്ല ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍. പലതും മണ്ടന്‍ പ്രസ്താവനകളായും മാറി കഴിഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളില്‍ ഒരു സിറ്റിംഗ് സീറ്റ് നഷ്ടമായാല്‍ പോലും ചെന്നിത്തലയുടെ കസേര ഇളകും. 2021ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന ഉമ്മന്‍ ചാണ്ടി കൈവിട്ട കസേര തിരികെ പിടിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവില്‍ നടത്തി വരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഉമ്മന്‍ ചാണ്ടി വഹിക്കണമെന്നാണ് എ വിഭാഗം ആവശ്യപ്പെടുന്നത്. പാര്‍ട്ടിയിലും മുന്നണിയിലും സമ്മര്‍ദ്ദം ചെലുത്താന്‍ ഒരവസരത്തിനായാണ് ഉമ്മന്‍ ചാണ്ടി അനുകൂലികള്‍ കാത്തുനില്‍ക്കുന്നത്.

ഈ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടാനുള്ളത് യു.ഡി.എഫിന് മാത്രമാണ്. കാരണം 6 ല്‍ 5 മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് അവരാണ്. ഇടതുപക്ഷം അരുര്‍ സീറ്റ് നിലനിര്‍ത്തിയാല്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് വലിയ നേട്ടമായിമാറും. സര്‍വ്വ ശക്തിയുമെടുത്ത് മൂന്ന് മണ്ഡലങ്ങളില്‍ കരുത്ത് കാട്ടാന്‍ ബി.ജെ.പിയും ഇത്തവണ രംഗത്തുണ്ട്. യു.ഡി.എഫ് വോട്ട് ബാങ്ക് ബി.ജെ.പി ചോര്‍ത്തുമോ എന്ന ആശങ്ക മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് തന്നെ നിലവിലുണ്ട്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലക്കും മുഖ്യ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിനും ശോഭിക്കാന്‍ പറ്റാത്തത് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക ഘടകകക്ഷികളിലും സജീവമാണ്. മുസ്ലിം ലീഗിനാണ് ഇക്കാര്യത്തില്‍ വലിയ ആശങ്കയുള്ളത്. യു.ഡി.എഫ് സര്‍ക്കാറിനെ വെള്ളം കുടിപ്പിച്ച് വി.എസ് നടത്തിയ പോരാട്ടത്തിന്റെ 5 ശതമാനം പോലും നടത്താന്‍ ചെന്നിത്തലക്ക് കഴിഞ്ഞിട്ടില്ലന്നതാണ് പ്രധാന വിമര്‍ശനം.

ലോകസഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തന മികവല്ലന്നും രാഹുല്‍ എഫക്ട് ആണെന്നുമാണ് എ വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം ഉപതിരഞ്ഞെടുപ്പുകളിലാണ് വിലയിരുത്തപ്പെടുക എന്നതാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.

തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഗൗരവമായാണ് ചെന്നിത്തലയും ഇപ്പോള്‍ കാണുന്നത്. കിഫ് ബി വിഷയം എടുത്തിട്ടതും പ്രതിച്ഛായ ലക്ഷ്യമിട്ട് തന്നെയായിരുന്നു. കിഫ് ബി യുടെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതി നടക്കുന്നുവെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നത്.

കിഫ് ബിയിലെ വൈദ്യുത വകുപ്പിന്റെ പദ്ധതിയിലായിരുന്നു ആക്ഷേപം. വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടി പണം വഴി മാറ്റി ചിലവഴിച്ചെന്നായിരുന്നു ആരോപണം. ടെന്‍ഡര്‍ തുകയേക്കാള്‍ 61.8 ശതമാനം രണ്ട് കമ്പനികള്‍ക്ക് കൂട്ടി നല്‍കിയതായും ചെന്നിത്തല ആരോപിച്ചിരുന്നു.

എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഈ വാദമുഖങ്ങള്‍ അദ്ദേഹത്തിനെതിരെ തന്നെയാണിപ്പോള്‍ തിരിഞ്ഞ് കുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ 450 കോടി രൂപയുടെ കിഫ്ബി പദ്ധതികളില്‍ നിര്‍മ്മാണം ആരംഭിച്ചത് ചൂണ്ടിക്കാട്ടി ധനമന്ത്രിയാണ് ചെന്നിത്തലക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. സ്വന്തം മണ്ഡലത്തില്‍ കിഫ് ബി വേണം കേരളത്തില്‍ മൊത്തത്തില്‍ വേണ്ട എന്നതാണോ നയമെന്ന തോമസ് ഐസക്കിന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുകയാണിപ്പോള്‍ ചെന്നിത്തല.

ഭാവിയിലേക്കുള്ള കേരളവികസനത്തിന്റെ സ്ഥിരനിക്ഷേപമാണ് കിഫ്ബിയെന്നാണ് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ഈ മാന്ദ്യകാലത്ത് കേരളസമ്പദ്ഘടനയുടെ ഏറ്റവും വലിയ ഉത്തേജനം കിഫ്ബിയില്‍നിന്നായിരിക്കുമെന്നും മന്ത്രി പറയുന്നു. മാന്ദ്യത്തിന്റെ മരവിപ്പ് ബാധിക്കാതെ നമ്മുടെ സമ്പദ്ഘടനയെ ചലിപ്പിക്കുകയും ദീര്‍ഘവീക്ഷണത്തോടെയുള്ള കേരളവികസനം യാഥാര്‍ഥ്യമാക്കുകയും ചെയ്യുകയാണ് കിഫ്ബിയുടെ ദൗത്യമെന്നാണ് തോമസ് ഐസക്ക് പറയുന്നത്. ബജറ്റിനുപുറത്ത് പണം കണ്ടെത്തി സംസ്ഥാനവികസനത്തില്‍ നിക്ഷേപിക്കുന്ന ഇത്തരം ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡുകള്‍ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. ഇക്കാര്യമാണ് മന്ത്രി അക്കമിട്ട് വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും സുതാര്യമായാണ് കേരളം കിഫ്ബി പ്രോജക്ടുകള്‍ നടപ്പാക്കുന്നതെന്നാണ് മന്ത്രി തെളിവുകള്‍ നിരത്തി വാദിക്കുന്നത്. നിയമസഭയില്‍ പ്രഖ്യാപിച്ചതോ മന്ത്രിസഭ അംഗീകരിച്ചതോ ആയ പദ്ധതികള്‍മാത്രമേ കിഫ്ബി ഏറ്റെടുക്കുകയുള്ളൂ. പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും തിരിച്ചടവിന്റെ രീതിയെക്കുറിച്ചും നിയമസഭ അംഗീകരിച്ച പരിപാടിയുമുണ്ട്. വായ്പയെക്കുറിച്ചും പലിശയെക്കുറിച്ചുമൊക്കെ നിയമസഭയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

ഇന്ത്യക്ക് അകത്തുനിന്നും പുറമെനിന്നുമുള്ള വിവിധ സ്രോതസ്സുകളില്‍നിന്നാണ് പദ്ധതിച്ചെലവ് കണ്ടെത്തുന്നത്. ഇത് ഉറപ്പാക്കുന്നതിനുവേണ്ടി കിഫ്ബി അതിന്റെ പ്രവര്‍ത്തനമേഖലകളില്‍ സുതാര്യതയും അന്താരാഷ്ട്രനിലവാരവും നിലനിര്‍ത്തിവരികയാണ്. ഇതെല്ലാം കണക്കിലെടുത്താണ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും മുന്‍ നിര റേറ്റിങ് ഏജന്‍സികള്‍ കിഫ്ബിക്ക് മികച്ച റേറ്റിങ് നിലനിര്‍ത്തിയിരുന്നത്.

കിഫ്ബിയെ ഓഡിറ്റ് ചെയ്യുന്നതില്‍നിന്ന് സിഎജിയെ ഒരു കാലഘട്ടത്തിലും വിലക്കിയിരുന്നില്ലന്നും മന്ത്രി പറയുന്നു. ഇത്തരമൊരു വിമര്‍ശനമോ ആക്ഷേപമോ രണ്ട് ഓഡിറ്റിങ് കാലത്തും കേരളം കേട്ടിട്ട്പോലുമില്ല.

ഓഡിറ്റുകഥയുടെ ഗ്യാസ് ഏതാണ്ട് പോയപ്പോഴാണ് ട്രാന്‍സ്ഗ്രിഡ് പ്രോജക്ടിലാകെ അഴിമതിയാണെന്ന ആക്ഷേപം ചെന്നിത്തല ഉയര്‍ത്തിയതെന്നും തോമസ് ഐസക്ക് തുറന്നടിച്ചു. ഇതു സംബന്ധിച്ച പത്ത് ചോദ്യങ്ങള്‍ക്കും കൃത്യമായി മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. ബാലിശമായ വാദങ്ങളാണ് പ്രതിപക്ഷനേതാവ് ഉയര്‍ത്തിയിരിക്കുന്നത് എന്ന് ആ മറുപടിയോടെ എല്ലാവര്‍ക്കും ബോധ്യമായി കഴിഞ്ഞതായും ഐസക്ക് ചൂണ്ടിക്കാട്ടി.

ചെന്നിത്തല മന്ത്രിയായിരുന്ന കാലത്താണ് ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് നമ്മുടെ സംസ്ഥാനത്ത് പിഡബ്ല്യുഡി നടപ്പാക്കിയത്. എന്നിട്ടാണ് വൈദ്യുതി ബോര്‍ഡ് ഡിഎസ്ആര്‍ റേറ്റ് ഉപയോഗിക്കുന്നു എന്ന ആക്ഷേപവുമായി ഇപ്പോള്‍ വന്നിരിക്കുന്നത്. പത്തുശതമാനം ടെന്‍ഡര്‍ എക്‌സെസ് വന്നാല്‍ റീ ടെന്‍ഡര്‍ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് വാദം. എന്നാല്‍ ഈ വാദം ശരിയല്ല. അങ്ങനെയൊരു ഒരു വ്യവസ്ഥയും നിലവിലില്ല.

ടെന്‍ഡര്‍ എക്‌സെസ് പരിശോധിക്കാന്‍ സെക്രട്ടറിതല സമിതിക്കും ക്യാബിനറ്റിനുമൊക്കെ അധികാരമുണ്ട്. കെഎസ്ഇബിയുടേത് അറുപതു ശതമാനം കൂടുതല്‍ റേറ്റാണെന്ന വാദവും തോമസ് ഐസക്ക് ചോദ്യം ചെയ്തു. ഇങ്ങനെയുള്ള ബാലിശവാദങ്ങളെല്ലാം പൊളിഞ്ഞപ്പോഴാണ് സിബിഐ അന്വേഷണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ചെന്നിത്തല രംഗത്ത് വന്നത്.

കിഫ്ബി തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തേയും തോമസ് ഐസക്ക് പൊളിച്ചടുക്കിയിട്ടുണ്ട്. കിഫ്ബിക്ക് ഇതുവരെ ധനാനുമതി നല്‍കിയത് 45,000 കോടിയോളം രൂപയുടെ പദ്ധതികളിലാണ്. അതില്‍ പതിനായിരം കോടിയോളം രൂപയുടെ പദ്ധതികളില്‍ നിര്‍മാണം ആരംഭിച്ചും കഴിഞ്ഞു. ഇതില്‍ പ്രതിപക്ഷനേതാവിന്റെ നിയോജകമണ്ഡലത്തിലെ 450 കോടി രൂപയുടെ പദ്ധതികളും ഉള്‍പ്പെടുന്നതായും ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രഹരമാണ് തോമസ് ഐസക്കിന്റെ ഈ മറുപടി.

Political Reporter

Top