അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കും

തിരുവനന്തപുരം: പിപിപി മാതൃകയില്‍ അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. തിരുവനന്തപുരത്ത് കിഫ്ബി ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മസാല ബോണ്ടിലൂടെ ഇതുവരെ 8000 കോടി സമാഹരിച്ചു. ആവശ്യാനുസരണം പണം സമാഹരിക്കും. പ്രവാസി ബോണ്ടി പുറത്തിറക്കും. ഊരാളുങ്കലിന് കരാര്‍ നല്‍കുന്നതിനാണ് വകുപ്പുകള്‍ പ്രാധാന്യം നല്‍കുന്നത്. ഇന്‍കല്‍ എറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചു.

ഈ സര്‍ക്കാരിന്റെ കാലയളവില്‍ 250 കോടിയുടെ പദ്ധതികള്‍ തീരും. 3000 പദ്ധതികള്‍ തുടങ്ങി വയ്ക്കും. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് സാധ്യമല്ല. കിഫ്ബിയില്‍ മറ്റ് എല്ലാ സിഎജി പരിശോധനകളും സാധ്യമാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

കിഫ്ബി കേരളത്തിന് അത്താണിയായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 2002 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. ആകെ 55 പദ്ധതികള്‍ക്കായാണ് പണം നീക്കിവച്ചത്. അഞ്ച് പാലങ്ങള്‍ക്ക് 207 കോടി രൂപയും 12 റോഡുകള്‍ക്കായി 533 കോടിയുമാണ് നീക്കിവച്ചത്.

അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ രംഗങ്ങളില്‍ തുക അനുവദിച്ചിട്ടുണ്ട്. പേരാവൂരിലെയും മലയിന്‍കീഴിലെയും താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 37 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പാക്കുന്ന തീരദേശ പാക്കേജിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കാന്‍ തീരുമാനമുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ആറ് മാര്‍ക്കറ്റുകള്‍ നവീകരിക്കാനാണ് പണം നീക്കിവയ്ക്കുന്നത്.

പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിക്കായി 77 കോടി രൂപ നീക്കിവച്ചു. ജില്ലയില്‍ കോരയാര്‍ മുതല്‍ വരട്ടാര്‍ വരെയുള്ള കനാലിന്റെ വികസനത്തിന് 255 കോടി രൂപയും നീക്കിവച്ചു. ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടിയാണ് ഇത്. ടൂറിസം സാംസ്‌കാരിക മേഖലയില്‍ തലശേരി ഹെറിറ്റേജ് പ്രൊജക്ടിന് ആദ്യമായി പണം അനുവദിച്ചു. 41 കോടി രൂപയാണ് നാല് സര്‍ക്യൂട്ടുകള്‍ക്കായി അനുവദിച്ചത്. തലശേരി നഗരത്തില്‍ വിവിധ കെട്ടിടങ്ങള്‍ സംരക്ഷിക്കാനും പദ്ധതിയുണ്ട്.

Top