ഫെമ നിയമ ലംഘനം അന്വേഷിക്കാനാകില്ല; ഇഡിക്കെതിരെ കിഫ്ബിയും ഹൈക്കോടതിയിൽ

കൊച്ചി: മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും കേരള ഹൈക്കോടതിയെ സമീപിച്ചു. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല, റിസർവ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് പ്രവർത്തനം തടസ്സപ്പെടുത്തുകയാണെന്നും കിഫ്ബി സിഇഒ കെഎം എബ്രഹാം നൽകിയ ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

ഒന്നര വർഷതിനിടെ നിരവധി തവണ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെന്ന് ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇഡിയ്ക്ക് പോലും തെളിവുകളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ അടുത്ത ബുധനാഴ്ച വരെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വലിയ വാദ പ്രതിവാദങ്ങളാണ് ഹൈക്കോടതിയിൽ അരങ്ങേറിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ചിൽ തോമസ് ഐസക്കിൻറെ വരവ്.

Top