ലൈഫ് പോലെ കിഫ്ബിയും നേട്ടമാകും, ആത്മവിശ്വാസത്തോടെ ഇടതുപക്ഷം

ത്രുക്കള്‍ ‘തൊടുത്ത് വിടുന്ന ആയുധം തന്നെ ഉപയോഗിച്ച് തിരിച്ചടിക്കുന്നത് ഇടതുപക്ഷത്തിന്റെ പുതിയ രീതിയാണ്. അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള മറുപടിയില്‍ കേരളം അത് കണ്ടതുമാണ്. വി.ഡി. സതീശന്‍ സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് നേട്ടങ്ങളുടെ നീണ്ട ലിസ്റ്റ് അവതരിപ്പിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നത്. സി.പിഎം യുവ എം.എല്‍.എ എം.സ്വരാജ് പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയും മാസായിരുന്നു. യഥാര്‍ത്ഥത്തില്‍ അവിശ്വാസം അവതരിപ്പിച്ചത് തന്നെ അബദ്ധമായി പോയെന്ന ചിന്ത യു.ഡി.എഫ് നേതാക്കളില്‍ ഉണ്ടാക്കിയ സംഭവമായിരുന്നു അത്. ഇപ്പോള്‍ കിഫ്ബി വിവാദത്തിലും പ്രതിപക്ഷ ആരോപണങ്ങള്‍ നേട്ടമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കിഫ്ബി എത്രമാത്രം ചര്‍ച്ചയാകുമോ അത്രയും സര്‍ക്കാറിന് ജനസമ്മതി കൂടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കിഫ്ബി വഴി സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ മുന്നോട്ട് വച്ചാണ് ഇടതുപക്ഷം പ്രതിരോധം തീര്‍ക്കുന്നത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ എംഎല്‍എമാരുടെ മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികളുടെ നിര്‍മാണങ്ങള്‍ വ്യാപകമായാണ് നടന്നിരിക്കുന്നത്. ചിലത് ഇപ്പോഴും നടക്കുന്നുമുണ്ട്. സ്‌കൂള്‍, ആശുപത്രികള്‍, റോഡുകള്‍, പാലങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി ജനഹിതത്തിന്റെ സാക്ഷ്യപത്രങ്ങള്‍ ഏറെയാണ്. ഇതെല്ലാം വ്യാപകമായാണ് സോഷ്യല്‍ മീഡിയയിലൂടെ സി.പി.എം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷമായിട്ട് ഒരവസരം നല്‍കിയ സ്ഥിതിക്ക് അത് ഉപയോഗപ്പെടുത്താതിരിക്കുന്നത് എങ്ങനെയെന്നാണ് ഇടതിന്റെ ചോദ്യം.

വിഭവദാരിദ്രം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യ- പശ്ചാത്തലവികസന മേഖലയില്‍ ഇടപെടാനുള്ള മാതൃകാ ഉപാധിയാണ് കേരള അടിസ്ഥാനസൗകര്യ വികസന നിക്ഷേപനിധി ബോര്‍ഡ് എന്ന കിഫ്ബി. റോഡ്, പാലം, കുടിവെള്ള വിതരണം, ഡയാലിസിസ് സെന്റര്‍, ഹൈടെക് ക്ലാസ് മുറി തുടങ്ങി കിഫ്ബി ധനസഹായം എത്താത്ത മേഖലകള്‍ ഇല്ല എന്നു തന്നെ പറയാം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് ആവശ്യമായ പണം പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവയാണ് കിഫ്ബി ഉറപ്പുവരുത്തുന്നത്. പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനപ്പുറം വിജയകരമായ പൂര്‍ത്തീകരണവും ഇത് ഉറപ്പുവരുത്തുന്നുണ്ട്. പല സ്രോതസ്സില്‍ നിന്നുമാണ് കിഫ്ബി പണം കണ്ടെത്തുന്നത്. പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി എന്നിവയിലൂടെയുള്ള വരുമാനം, ആഭ്യന്തര – വിദേശ വിപണിയില്‍ നിന്നുള്ള വായ്പ, സര്‍ക്കാരില്‍ നിന്നുള്ള കോര്‍പസ് ഫണ്ട്, കെഎസ്എഫ്ഇ പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴിയും ഫണ്ട് എത്തുന്നുണ്ട്.

 

പെട്രോളിയം സെസ്, മോട്ടോര്‍വാഹന നികുതി ഇനങ്ങളില്‍ നിന്നാണ് പ്രധാന വരുമാനം. 2016- 17 മുതല്‍ 7428.78 കോടി രൂപ ഈ ഇനങ്ങളില്‍ വരുമാനമുണ്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ നിന്ന് നിശ്ചിത കാലാവധി വായ്പ, നബാര്‍ഡ് വായ്പ എന്നിവയായി 4080 കോടി രൂപയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 2915 കോടിയാണ് കിഫ്ബി കൈപ്പറ്റിയിരിക്കുന്നത്. കിഫ്ബി നടപ്പാക്കുന്ന പദ്ധതികള്‍ അന്താരാഷ്ട്ര ധനസ്ഥാപനങ്ങളുടെ ശ്രദ്ധയും ആകര്‍ഷിക്കുന്നുണ്ട്. മസാല ബോണ്ടിലൂടെ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പണം കണ്ടെത്താന്‍ കഴിഞ്ഞ ആദ്യ ഇന്ത്യന്‍ സംസ്ഥാനതല സ്ഥാപനമാണ് കിഫ്ബി. ഇക്കാര്യമാണ് വിവാദങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷവും ഇപ്പോള്‍ മറന്നു പോയിരിക്കുന്നത്. 2,150 കോടിയാണ് ഇത്തരത്തില്‍ സമാഹരിച്ചിരിക്കുന്നത്. രണ്ടു തവണയായി 2498.42 കോടി സര്‍ക്കാറും നല്‍കിയിട്ടുണ്ട്. കെഎസ്എഫ്ഇ പ്രവാസി ചിട്ടി, നോര്‍ക്ക പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴി 413.68 കോടിയാണ് സമാഹരിച്ചിരിക്കുന്നത്.

ഇതിനു പുറമെ മറ്റു വിവിധ സ്രോതസ്സില്‍ നിന്നായി 15,389.25 കോടി രൂപയും കിഫ്ബി സമാഹരിച്ചിട്ടുണ്ട്. പദ്ധതികള്‍ക്കായി 6,466.6 കോടി രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്. തിരിച്ചടവിനുള്ള വരുമാനം ഉറപ്പുവരുത്തിയാണ് കിഫ്ബി വായ്പ എടുക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ കിഫ്ബി വഴി നാട്ടില്‍ യാഥാര്‍ഥ്യമാകുന്ന വികസനം ഇടതുപക്ഷത്തിന് നേട്ടമാകുമെന്ന് കണ്ടാണ് കിഫ്ബിയെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതി അനില്‍ അക്കരയുടെ പരാതിയോടെ ചര്‍ച്ചയാക്കിയതും യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമാണ്. ലൈഫ് മിഷന്‍ വഴി പാവപ്പെട്ടവര്‍ക്ക് എത്ര സൗജന്യ ഭവനങ്ങള്‍ നല്‍കി എന്ന കണക്കുകള്‍ നിരത്തിയായിരുന്നു ഇടതു പ്രതിരോധം.

കിഫ്ബിയിലും ഇതേ രൂപത്തില്‍ നേട്ടങ്ങള്‍ നിരത്തി തന്നെയാണ് ഇടതുപക്ഷം പ്രതിരോധം തീര്‍ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ കാര്യങ്ങളെല്ലാം ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചകളാണ്. സിഎജി റിപ്പോര്‍ട്ട് കരടായാലും അന്തിമമായാലും പദ്ധതിയിലെ നേട്ടമാണ് വിലയിരുത്തേണ്ടതെന്നാണ് ഇടതു പ്രവര്‍ത്തകര്‍ വാദിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്പ് പൊട്ടിക്കാന്‍ വച്ചിരുന്നത് നനഞ്ഞ പടക്കമായതിന്റെ നിരാശയിലാണ് പ്രതിപക്ഷമെന്നാണ് ആരോപണം. കിഫ്ബിക്കെതിരായ കേസ് ആര്‍എസ്എസ് പിന്തുണയോടെയാണെന്നും അതിന് കോണ്‍ഗ്രസ് നേതാവ് വക്കാലത്ത് എടുക്കുകയായിരുന്നുവെന്ന പ്രചരണവും ഇടതുപക്ഷം വ്യാപകമായി നടത്തുന്നുണ്ട്. സി.എ.ജിയുടെ വിശ്വാസ്യതയെ മുന്‍പത്തെ ‘ഉണ്ട’ വിവാദം ചൂണ്ടിക്കാട്ടിയാണ് അവര്‍ ചോദ്യം ചെയ്യുന്നത്.

പൊലീസിലെ തോക്കും വെടിയുണ്ടയും കാണാതായെന്ന പേരില്‍ 2019 -ല്‍ സിഎജി നല്‍കിയ റിപ്പോര്‍ട്ടാണ് ചെമ്പട പ്രധാനമായും ആയുധമാക്കുന്നത്. അന്ന് റിപ്പോര്‍ട്ട് സഭയില്‍ വരും മുമ്പ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പ്രതിപക്ഷ എംഎല്‍എ പി ടി തോമസാണ് പുറത്ത് വിട്ടതെന്നാണ് ആരോപണം. പി ടി തോമസ് സഭയില്‍ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് സിഎജി റിപ്പോര്‍ട്ട് സഭയില്‍ എത്തിയിരുന്നത്. എന്നാല്‍ പിന്നീട് തോക്കും വെടിയുണ്ടയും ഭദ്രമായി ഇരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുകയാണ്ടായി .തുടര്‍ന്ന് വിവാദ റിപ്പോര്‍ട്ടിന് പിന്നില്‍ ചരടുവലിച്ച ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായതും ഇടതു കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആരോപണങ്ങളും വികസനവും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തില്‍ നടക്കുന്നതെന്നും ഒടുവില്‍ ഈ പോരാട്ടത്തിലും വികസന നായകര്‍ തന്നെയാണ് വിജയിക്കുകയെന്നുമാണ് ഇടതുപക്ഷം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

Top