കിഫ്ബിക്കെതിരെ അന്വേഷണം നടക്കുന്നതായി അറിവിലില്ല; സിഇഒ കെ.എം.എബ്രഹാം.

തിരുവനന്തപുരം: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതായി അറിയിവിലില്ലെന്ന് കിഫ്ബി സിഇഒ കെ.എം.എബ്രഹാം.
യെസ് ബാങ്കില്‍ കിഫ്ബി 250 കോടി നിക്ഷേപിച്ചതിനെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നാണ് രാജ്യസഭയില്‍ ധനകാര്യ സഹമന്ത്രി അറിയിച്ചിരിക്കുന്നത്. അന്വേഷണം തുടങ്ങിയതായി ഇതുവരെ പറഞ്ഞിട്ടില്ല. കിഫ്ബിക്ക് അന്വേഷണം സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടുമില്ലെന്നും സിഇഒ പറഞ്ഞു.
2017 മേയ് മുതല്‍ കിഫ്ബി സ്വരൂപിച്ച പണം വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യബാങ്കിനെയാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ ഉയര്‍ന്ന റേറ്റിങ് വേണമെന്ന് മാനദണ്ഡം കിഫ്ബിയുടെ കമ്മിറ്റി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഉയര്‍ന്ന റേറ്റിങ് ഉള്ള ബാങ്കായിരുന്നു യെസ് ബാങ്ക്. വിവിധ ഏജന്‍സികള്‍ അവര്‍ക്കു നല്ല റേറ്റിങ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി റേറ്റ് നോക്കി നിക്ഷേപം നടത്തിതെന്നും സിഇഒ.
അതേസമയം, കിഫ്ബിയുടെ കൈവശമുള്ള എല്ലാ പണവും ബാങ്കില്‍ നിക്ഷേപിക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊത്തം പണത്തിന്റെ നിശ്ചിത ശതമാനമേ സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയൂ. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ യെസ് ബാങ്ക് ഉയര്‍ന്ന നിരക്കു നല്‍കിയപ്പോഴാണ് 7 തവണ അവിടെ നിക്ഷേപം നടത്തിയത്. 2018 വരെ ബാങ്കില്‍ നിക്ഷേപം നടത്തി. 2018ല്‍ 107 കോടിരൂപയാണ് ഒരു വര്‍ഷത്തേക്കു നിക്ഷേപിച്ചത്. 8.03% പലിശയാണ് അവര്‍ നല്‍കിയത്.
2018 നവംബര്‍ ആയപ്പോള്‍ യെസ് ബാങ്കിന്റെ റേറ്റ് ക്ഷയിച്ചു തുടങ്ങയപ്പോള്‍ തന്നെ കിഫ്ബി യെസ് ബാങ്കുമായുള്ള പണമിടപാട് നിര്‍ത്തിയതാണ്. നിക്ഷേപിച്ച തുകയുടെ കാലാവധി കഴിയാന്‍ കാത്തിരുന്നു. ഓഗസ്റ്റ് 9നു നിക്ഷേപം പലിശയടക്കം പിന്‍വലിച്ചു മറ്റു ബാങ്കിലേക്കു മാറ്റി. കിഫ്ബി ജാഗ്രതയോടെ നിലപാടെടുത്തതിനാല്‍ പണം നഷ്ടപ്പെട്ടില്ല. ലാഭമല്ലാതെ ഇടപാടിലൂടെ നഷ്ടം ഉണ്ടായിട്ടില്ലെന്നും കെ.എം.എബ്രഹാം പറഞ്ഞു.

Top