കിഫ്ബി: ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർ‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാലബോണ്ടിലൂടെ ധനസമാഹരണം നടത്തിയതിൽ ഫെമ ലംഘനം ആരോപിച്ചാണ് ഇഡി കിഫ്ബിയ്ക്കെതിരെ കേസ് എടുത്തത്. എന്നാൽ റിസർവ്വ് ബാങ്ക് അനുമതിയോടെയാണ് മസാലബോണ്ടിറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്നുമാണ് തോമസ് ഐസ്ക് അടക്കമുള്ള ഹർജിക്കാരുടെ വാദം.

കേസിൽ ആ‍ർബിഐ ജനറൽ ചീഫ് ജനറൽ മാനേജറെ കക്ഷി ചേർത്ത കോടതി വിശദീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നത് രണ്ട് മാസത്തേക്ക് ജസ്റ്റിസ് വി ജി അരുൺ സ്റ്റേ ചെയ്തിരുന്നു.

അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രുപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. ഉത്തരവ് നിലനിൽക്കെ വീണ്ടും സംഘർഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നിർമ്മാണ പ്രദേശത്തിനകത്ത് കേന്ദ്ര സേനസുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്നു സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്.എന്നാൽ സമരം ഒത്തുതീർപ്പ് ആയ സാഹചര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ സ്വീകരിക്കുന്ന നിലപാടും നിർണ്ണായകമാകും. അതേസമയം വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ അടക്കം ആക്രമിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നാണ് ഹർജിക്കാർ അറിയിച്ചത്. നിർമ്മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്നു സമരക്കാർ കോടതിയിൽ നൽകിയ ഉറപ്പു ലംഘിചെന്നും ഹർജിക്കാർ കുറ്റപ്പെടുത്തിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

Top