കിഫ് ബോര്‍ഡ് യോഗത്തില്‍ 12 പദ്ധതികള്‍ക്ക് ധനാനുമതി

കിഫ് ബോര്‍ഡ് യോഗത്തില്‍ രണ്ട് പദ്ധതികള്‍ക്ക് പരിഷ്‌കരിച്ച ധനാനുമതി ഉള്‍പ്പെടെ 12 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇതില്‍ കോന്നി മെഡിക്കല്‍ കോളജ്, കോട്ടയം ജനറല്‍ ആശുപത്രി നവീകരണം, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്ക്- പീഡിയാട്രിക് ബ്ലോക്ക്, എം.എല്‍.ടി. ബ്ലോക്ക് എന്നിവയുടെ നിര്‍മാണം, കോഴിക്കോട് ജനറല്‍ ആശുപത്രി നവീകരണം, പൊന്നാനിയിലെ എം.ഇ.എസ് കോളജ് മൈതാനത്തിനടുത്തുള്ള എന്‍.എച്ച് 66 ജംഗഷ്നും പടിഞ്ഞാറേക്കര-കൂട്ടായി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായുള്ള പൊന്നാനി എസ്റ്റ്യുറിക്ക് കുറുകെയുള്ള കേബിള്‍ സ്റ്റേയ്ഡ് പാലം ഇപിസി മോഡില്‍ നിര്‍മിക്കാനുള്ള നിര്‍ദേശം, വഴയില-പഴകുറ്റി, പേട്ട-ആനയറ-ഒരുവാതില്‍ക്കോട്ട എന്നിവടങ്ങളിലെ റോഡ് നിര്‍മാണം, തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയിലും പഴകുന്നുമ്മേലും മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണം, പാലക്കാട്, പുനലൂര്‍, ആറ്റിങ്ങല്‍, കോഴിക്കോട് എന്നിവടങ്ങളില്‍ അറവുശാലകളുടെ നിര്‍മാണം, കൊച്ചിയിലെ സംയോജിത നഗര പുനരുജ്ജീവന- ജലഗതാഗത സംവിധാനത്തിന്റെ അടുത്ത ഘട്ടം, ശബരിമല- ഇടത്താവള വികസന പദ്ധതി എന്നിവ ഉള്‍പ്പെടുന്നു.

ആകെ 1617.21 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് 40-ാം കിഫ് ബോര്‍ഡ് യോഗം ധനാനുമതി നല്‍കിയത്. തിങ്കളാഴ്ച നടന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആകെ 1336.15 കോടി രൂപയ്ക്കുള്ള 54 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. കോരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വിവിധ വകുപ്പുകള്‍ക്കായി ആയി 39,813.61 കോടി രൂപയുടെ 806 പദ്ധിതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. ഇത് കൂടാതെ 20000 കോടി രൂപയുടെ സ്ഥലമെടുപ്പ് പാക്കേജില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ദേശീയ പാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപ അനുവദിച്ചു. വ്യവസായ പാര്‍ക്കുകള്‍ക്കായി 13988.63 കോടി രൂപയും, കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് 1030.80 കോടി രൂപയും ഉള്‍പ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ തുക 59,813.61 കോടി രൂപയാണ്.

Top