ധനലഭ്യതയ്‌ക്കൊപ്പം ഗുണനിലവാരം ഉറപ്പാക്കലും ലക്ഷ്യം; സുധാകരന് മറുപടിയുമായി കിഫ്ബി

തിരുവനന്തപുരം: ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തില്‍ ധനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മന്ത്രി ജി സുധാകരന് മറുപടിയുമായി കിഫ്ബി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കിഫ്ബി മന്ത്രിക്ക് പരോക്ഷമായി മറുപടി നല്‍കിയത്. ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തലും കിഫ്ബിയുടെ ഉത്തരവാദിത്തമാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.ആ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് ഭാവിയിലും കര്‍ശനമായ ഗുണനിലവാര പരിശോധനയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളും കിഫ്ബിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും കിഫ്ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്ന് ജി സുധാകരന്‍ തുറന്നടിച്ചത്.കിഫ്ബിയിലെ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ രാക്ഷസനെപ്പോലെയാണെന്നും കിഫ്ബിക്ക് കൊടുത്ത റോഡിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അതുവെട്ടും. ധനവകുപ്പില്‍ ഫയല്‍ പിടിച്ചുവെക്കും. ഇക്കാര്യം ധനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. നിര്‍മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. കിഫ്ബിയില്‍ ആവശ്യമുള്ള എന്‍ജിനിയറെ നിയമിക്കണം. റോഡ് വിട്ടുകൊടുക്കാം. എല്ലാകാര്യവും അവര്‍ നോക്കട്ടെയെന്നും മന്ത്രി പറഞ്ഞിരുന്നു.

Top