യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി തുടരുമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിക്രമങ്ങളിലെ വീഴ്ചകള്‍ക്കാണ് പരിഹാരമുണ്ടാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നൂം അദ്ദേഹം പ്രതികരിച്ചു. അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട്. പിഎസ്സി റാങ്ക് ലിസ്റ്റിലുളള ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാതെ പിന്‍വാതില്‍ വഴി കരാര്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ഇഷ്ടക്കാരേയും ബന്ധുക്കളെയും പാര്‍ട്ടിക്കാരേയും തിരുകിക്കയറ്റുന്ന നടപടിയാണ് കാണുന്നത്. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനത്തിനെതിരേ സമഗ്ര നിയമനിര്‍മാണം കൊണ്ടുവരും. താല്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിശ്വാസികളെ മാറ്റി നിര്‍ത്തി മുന്നോട്ടുപോകാനാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു, അങ്ങനെയാണെങ്കില്‍ ശബരിമല കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം അംഗീകരിച്ച് എല്‍ഡിഎഫ് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ മുന്‍കൈ എടുക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.

വിധി വന്നശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് ഇടതുസര്‍ക്കാര്‍ വിശ്വാസി സമൂഹത്തെ കബളിപ്പിക്കുകയാണ്. കഴിഞ്ഞ തവണ സുപ്രീംകോടതി വിധി വന്നപ്പോള്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചു. പുതിയ വിധി വന്നാല്‍ ചര്‍ച്ച ചെയ്യാം എന്നുപറയുന്നത് കബളിപ്പിക്കലാണ്. വാസ്തവത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് സര്‍ക്കാരും പാര്‍ട്ടിയും വ്യക്തമാക്കണം. വിശ്വാസികള്‍ക്കൊപ്പമാണെങ്കില്‍ അനുകൂലമായ സത്യവാങ്മൂലം നല്‍കാന്‍ പാര്‍ട്ടി തയ്യാറാകണം. ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ത്തുകൊണ്ടുളള നിലപാടായിരുന്നു ശബരിമല കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന് ജനങ്ങളോട് മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top