മോദിയെ കൊല്ലുമെന്ന മുദ്രാവാക്യം കുട്ടികളെ പഠിപ്പിക്കുന്നു;ഷഹീന്‍ ബാഗിനെതിരെ കേന്ദ്രമന്ത്രി

പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന അമുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥിത്വം നല്‍കുന്ന പദ്ധതിയില്‍ അഭിമാനിക്കുന്നതായാണ് സ്മൃതി ഇറാനി വ്യക്തമാക്കിയത്.

‘സിഖ്, ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കി, വേട്ടക്കാര്‍ തന്നെ നിര്‍ബന്ധിത വിവാഹത്തിന് ഇരകളാക്കുന്ന നിരവധി കേസുകളുണ്ട്. ഇത്തരക്കാര്‍ക്കാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥിത്വം ആവശ്യമുള്ളത്. ഈ നിയമം അവര്‍ക്ക് ആവശ്യമായ അഭയാര്‍ത്ഥിത്വം നല്‍കുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’, ലക്‌നൗവില്‍ നടന്ന ഹിന്ദുസ്ഥാന്‍ സമാഗമത്തില്‍ ഇറാനി വ്യക്തമാക്കി.

സിഎഎയ്ക്ക് എതിരെ ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവരുമായി സംസാരിക്കാന്‍ പോലും കഴിയാത്ത അപകടകരമായ അവസ്ഥയാണുള്ളതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ‘ഞങ്ങള്‍ മോദിയെ വധിക്കും എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുമ്പോള്‍ എന്ത് പറയാനാണ്? ഭാരതത്തെ വെട്ടിനുറുക്കുമെന്ന് ആളുകള്‍ പറയുമ്പോള്‍ നിങ്ങള്‍ എന്ത് പറയും? ഞങ്ങള്‍ 15 കോടി ഉള്ളതായി പറയുന്നവരോട് എന്താണ് പറയുക?’, മന്ത്രി ചൂണ്ടിക്കാണിച്ചു.

കൊടുംതണുപ്പില്‍ നാല് മാസം പ്രായമായ കുഞ്ഞുമായി എത്തി മരിക്കാന്‍ ഇടയായ സംഭവത്തില്‍ അവര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എന്നാല്‍ ഷഹീന്‍ ബാഗില്‍ വിഭജന സ്വരമാണ് കോണ്‍ഗ്രസിലെ സല്‍മാന്‍ ഖുര്‍ഷിദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉയര്‍ത്തുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. കശ്മീരില്‍ പണ്ഡിറ്റുകളെ പുറത്താക്കിയപ്പോള്‍ ഇതേ ആശങ്ക പ്രകടിപ്പിക്കാതിരിക്കാന്‍ കാരണമെന്താണ്?, അവര്‍ ചോദിച്ചു.

Top