പാക്കിസ്ഥാന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് തേടി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് റിപ്പോര്‍ട്ട് തേടി.

15 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ ഹോളി ആഘോഷത്തിനിടെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലുള്ള ധാര്‍കിയിലാണ് സംഭവം. ഇതിനു പിന്നാലെ പ്രദേശത്തെ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അതിനിടെ, പെണ്‍കുട്ടികളെ ഉടന്‍ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാക്ക്പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പഞ്ചാബ് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.തട്ടിക്കൊണ്ടു പോയതിന് പിന്നാലെ രണ്ട് പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇരുവരും അവകാശപ്പെടുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിഉണ്ടാവണമെന്ന നിര്‍ദ്ദേശവും ഇമ്രാന്‍ ഖാന്‍ നല്‍കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Top