രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം;നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന

തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടതായുള്ള ഒരു മൊഴിയാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഈഞ്ചയ്ക്കലിലുള്ള കുടുംബമാണ് പൊലീസ് സ്റ്റേഷനില്‍ എത്തി ഇക്കാര്യം അറിയിച്ചത്. പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. മൊഴി സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഈ ഘട്ടത്തില്‍ സ്ഥിരീകരിച്ചിട്ടില്ല.

കുട്ടിയുടെ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്നവര്‍, ലോറി ഡ്രൈവര്‍മാര്‍ എന്നിവരുടെ മൊഴിയെടുക്കുകയാണ്. സ്‌കൂട്ടറിലാണ് കുട്ടിയെ കൊണ്ടുപോയതെന്ന് മേരിയുടെ മൂത്തസഹോദരന്‍ പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോള്‍ ഇളയസഹോദരന്‍ പറഞ്ഞ അറിവെന്ന് തിരുത്തി.കുട്ടിയെ കാണാതായിട്ട് 12 മണിക്കൂര്‍ പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. കേസില്‍ എല്ലാവശവും പരിശോധിക്കുന്നുവെന്ന് കമ്മിഷണര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് സമയമെടുക്കുമെന്നും പ്രാഥമികവിവരങ്ങള്‍ പ്രകാരം പലവശങ്ങള്‍ പരിശോധിക്കുന്നുവെന്നും കമ്മിഷണര്‍ അറിയിച്ചു. കുട്ടിയുടെ സഹോദരന്‍ പറഞ്ഞ പ്രകാരം സ്‌കൂട്ടറില്‍തന്നെയാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും കൃത്യമായ ലീഡ് ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിന്റെ മൊഴി വാസ്തവമെങ്കില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘം വേളി ഭാഗത്തേക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയിലെ വൈരുധ്യവും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. മഞ്ഞ സ്‌കൂട്ടറിലെത്തിയയാള്‍ കുട്ടിയുമായി പോയെന്ന തരത്തിലായിരുന്നു കുട്ടിയുടെ കുടുംബത്തിന്റെ മൊഴി. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സ്‌കൂട്ടറിന്റെ നിറത്തിന്റെ കാര്യത്തിലും സ്‌കൂട്ടര്‍ തന്നെയാണോ എന്ന കാര്യത്തിലും ഈ ഘട്ടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സംശയവുമുണ്ട്.

Top