ആലുവയില്‍ ആറര വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് പ്രതി

കൊച്ചി: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറര വയസുകാരിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് പ്രതി. ഇന്നലെ രാത്രി ആലുവ ഫ്‌ലൈ ഓവറിന് താഴെ വെച്ചാണ് കുട്ടിയെ കൈമാറിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കുട്ടിയെ വില്‍പ്പന നടത്തിയതാകാം എന്ന സംശയത്തിലാണ് പൊലീസ്. പ്രതിയുടെ കയ്യില്‍ നിന്ന് പണമോ വസ്ത്രങ്ങളില്‍ രക്തക്കറയോ കണ്ടെത്തിയിട്ടില്ല എന്നും പൊലീസ് അറിയിച്ചു. റൂറല്‍ എസ് പിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ പ്രതി അസഫാക്ക് ആലം തയ്യാറായിരുന്നില്ല. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നല്‍കിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നും പ്രതി മൊഴിനല്‍കി. പിന്നീടൊന്നും ഓര്‍മ്മയില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൊലീസ് മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല. പ്രതി പോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതല്‍ കാണാതായത്. മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകള്‍ ചാന്ദ്‌നി കുമാരിയെയാണ് വീടിനുമുകളില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയതായി സംശയമുയര്‍ന്നത്. തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി. അഫ്സാഖ് ആലമിനൊപ്പം പെണ്‍കുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ വെള്ളി രാത്രി 11ന് ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് ആലുവ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Top