കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; കൂടുതല്‍ സി സി ടി വി ദ്യശ്യങ്ങള്‍ പൊലീസിന്, അന്വേഷണം വ്യാപിപ്പിക്കും

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്. പ്രതികള്‍ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതല്‍ സി സി ടി വി ദ്യശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാള്‍ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.

അതേസമയം കേസില്‍ കുട്ടിയുടെ പിതാവിനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായിയുണ്ടായ സംശയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പിതാവിന്റെ മൊഴി വീണ്ടുo എടുക്കുന്നത്. പ്രതികള്‍ക്കായി ജില്ല പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

Top