യുവതിയെ തട്ടിക്കൊണ്ടുപോയി വായില്‍ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

കോട്ടയം: മൂലവട്ടത്ത് മുന്‍ സുഹൃത്തായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വായില്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൂലവട്ടം പൂവന്‍തുരുത്ത് തൊണ്ടിപ്പറമ്പില്‍ ജിതിന്‍ സുരേഷിനെ (24) ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റെജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മൂലവട്ടം സ്വദേശിയായ 19 കാരിയും ജിതിനും അടുപ്പത്തിലായിരുന്നു.

അടുത്തിടെ, ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പൂവന്‍തുരുത്തിലെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് യുവതി പോകുന്നതിനിടെ ഓട്ടോറിക്ഷയുമായി യുവാവ് പിന്തുടര്‍ന്നു. സംസാരിക്കുന്നതിനായി യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റുകയും ശേഷം വാഹനം ഓടിച്ച് പോകുകയുമായിരുന്നു.

നാട്ടകം ബൈപ്പാസ് ഭാഗത്ത് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയ പ്രതി യുവതിയെ മര്‍ദിച്ചു. തുടര്‍ന്ന്, യുവതി ബഹളം വച്ചതോടെ ആളുകള്‍ ശ്രദ്ധിച്ചു. ഇതോടെ, പ്രതി സംഭവസ്ഥലത്തുനിന്നും പെണ്‍കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവിടെ നിന്നും ഓട്ടോ ഓടിച്ചുപോയ പ്രതി മറ്റൊരു സ്ഥലത്ത് വാഹനം നിര്‍ത്തിയ ശേഷം യുവതിയുടെ വായില്‍ പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചു. വായ ബലമായി തുറപ്പിച്ച ശേഷമാണ് പെട്രോള്‍ ഒഴിക്കാന്‍ ശ്രമം നടത്തിയത്.

ഇതേതുടര്‍ന്ന്, യുവതി പെട്രോള്‍ കുപ്പി തട്ടിക്കളഞ്ഞു. ജോലിയ്ക്കായി പോയ വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ യുവതി വിവരം ധരിപ്പിച്ചു. തുടര്‍ന്ന്, യുവതി ജില്ല ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. സംഭവം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വനിത പൊലീസ് എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതി ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ ബൈക്ക് മുന്‍പ് ദിവാന്‍ കവലയില്‍ വച്ച് അഗ്‌നിയ്ക്കിരയായിരുന്നു.

 

Top