മധ്യപ്രദേശില്‍ പൊലീസ് വാഹനം തട്ടിയെടുത്ത് ഗുണ്ടാസംഘത്തിന്റെ സിനിമാസ്റ്റൈല്‍ കിഡ്‌നാപ്പ്

mumbai-police

ഭോപ്പാല്‍: പൊലീസ് വാഹനം തട്ടിയെടുത്ത് ഗുണ്ടാസംഘം പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി. മധ്യപ്രദേശിലെ പന്നാ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്. വളരെ ആസൂത്രിതമായാണ് ഗുണ്ടാ സംഘം പൊലീസ് ജീപ്പ് തട്ടിയെടുത്തത്.

പൊലീസിന്റെ അടിയന്തര സംവിധാനമായ ‘ഡയല്‍ 100’ല്‍ വിളിച്ച അക്രമി സംഘം ബമുര എന്ന സ്ഥലത്ത് ഒരാള്‍ അകാരണമായി പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന് അറിയിച്ചു. ഇതന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ വഴിയില്‍ തടഞ്ഞ ശേഷം തോക്ക് ചൂണ്ടി യൂണിഫോമും വാഹനവുമടക്കം തട്ടിയെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് വേഷത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഗുണ്ടകള്‍, വീട്ടുകാരെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞു.

അതേസമയം, പെണ്‍കുട്ടിയ്ക്ക് ഒരു യുവാവുമായി പ്രണയ ബന്ധം ഉണ്ടായിരുന്നെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ യുവാവിന് പങ്കുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. അക്രമികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Top