പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കഞ്ചാവ് വലിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

arrest

തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കഞ്ചാവ് വലിപ്പിച്ച കേസില്‍ യുവാവിനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.

തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാന്‍ (19), ഇയാളുടെ കൂട്ടുകാരന്‍ വൈപ്പിന്‍ മണ്ഡപത്തില്‍ ജിബിന്‍ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

രണ്ടു ദിവസം മുമ്പാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷാരൂഖ് ഖാന്റെ കൂടെയാണ് പെണ്‍കുട്ടി പോയിട്ടുള്ളതെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. കാക്കനാട് പമ്പ് ജീവനക്കാരനാണ് ഇയാള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ മറന്നുവെച്ചു പോയത് കേസിന് വഴിത്തിരിവായി. പിറ്റേന്ന് രാവിലെ ഫോണ്‍ കണ്ട ഓട്ടോ ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചിരുന്നു. പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈന്‍ ഡ്രൈവ് വാക് വേ ഭാഗത്തിരുത്തിയാണ് രണ്ടു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകള്‍ എടുത്തിട്ടുണ്ട്.

Top