ഒപ്പമുള്ളയാള്‍ക്ക് കോവിഡ്; തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്ന് ശ്രീകാന്ത് പിന്മാറി

ഹോങ്കോങ്: തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് പിന്മാറി. മുറിയില്‍ ഒപ്പമുള്ളയാള്‍ കോവിഡ് പോസിറ്റീവായതോടെയാണ് ശ്രീകാന്ത് പിന്മാറിയത്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തീരുമാനം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും ശ്രീകാന്ത് അറിയിച്ചു.

നേരത്തെ തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ മെഡിക്കല്‍ സ്റ്റാഫിന്റെ മോശം സമീപനത്തിനെതിരേ ശ്രീകാന്ത് രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ കോവിഡ് പരിശോധനയെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലുള്ള ചിത്രം പങ്കുവെച്ചാണ് ശ്രീകാന്ത് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞത്. ടൂര്‍ണമെന്റിനായി ഇവിടെ എത്തിയതു മുതല്‍ നാലു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ആ അനുഭവം ഒട്ടും സുഖകരമായിരുന്നില്ലെന്നും ശ്രീകാന്ത് കുറിച്ചു.

Top