ഐഎസ്എല്‍ എട്ടാം സീസണ് നാളെ കിക്കോഫ്; ജയത്തുടക്കത്തിന് കേരള ബ്ലാസ്റ്റേഴ്സ്

പനാജി: ഐഎസ്എല്‍ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ എടികെ മോഹന്‍ ബഗാനെ നേരിടും. ഗോവയില്‍ രാത്രി 7.30നാണ് മത്സരം. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖംമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തുമായാണ് എടികെ മോഹന്‍ ബഗാന്‍ വരുന്നത്.

രണ്ട് തവണ ഐഎസ്എല്‍ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് കിരീടം തട്ടിയെടുത്തിരുന്നു കൊല്‍ക്കത്ത. പരിചയസമ്പന്നനായ അന്റോണിയോ ഹബാസിന്റെ ശിക്ഷണത്തില്‍ എടികെ ഇറങ്ങുമ്പോള്‍ പുതിയ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചുമതല.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ മുംബൈ സിറ്റിക്ക് മുന്നില്‍ വീണ നിരാശ മാറ്റാനാണ് എടികെ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനാകട്ടെ കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്തിന്റെ നാണക്കേട് പരിഹരിക്കണം. ആറ് വിദേശതാരങ്ങളുടെ സാന്നിധ്യം ഇത്തവണ ബ്ലാസ്റ്റേഴ്സിലുണ്ട്. അഡ്രിയാന്‍ ലൂണയും മാര്‍കോ ലെസ്‌കോവിച്ചും അല്‍വാരോ വാസ്‌ക്വേസും ഹോര്‍ഗെ പെരേര ഡിയാസുമൊക്കെ കളം നിറഞ്ഞാല്‍ മുന്‍ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്സിന് മറക്കാം.

ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകള്‍ തിരുത്തി പുത്തന്‍ താരങ്ങളെയെത്തിച്ചാണ് പുതിയ സീസണില്‍ കൊല്‍ക്കത്ത തുടങ്ങുന്നത്. ഫിജിയന്‍ താരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിന്‍ലന്‍ഡിന്റെ ജോണി കൗക്കോ, പരിചയസമ്പന്നനായ ടിരിയുമെല്ലാം കൊല്‍ക്കത്ത നിരയുടെ കരുത്ത് കൂട്ടും. നേര്‍ക്കുനേര്‍ പോരില്‍ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കുണ്ട്. 14 കളികളില്‍ 5 ജയം കൊല്‍ക്കത്തയ്ക്കും 4 എണ്ണം ബ്ലാസ്റ്റേഴ്സിനുമാണ്. അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു. ഗോളെണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സാണ് മുന്നില്‍. 16 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 15.

 

Top