kickass torrents lives again

ലോകത്ത് ഏറെ ചര്‍ച്ച ചെയ്ത വാര്‍ത്തയായിരുന്നു കിക്കാസ് ടോറന്റ്‌സ് പൂട്ടിയത്.

അനധികൃതമായി സിനിമ, മ്യൂസിക്, മറ്റു ഫയലുകള്‍ ഡൗണ്‍ലോഡിങ് അനുവദിച്ചിരുന്ന കിക്കാസ് പെട്ടെന്ന് പൂട്ടുകയായിരുന്നു. എന്നാല്‍ ആ കിക്കാസ് ടോറന്റ്‌സിനു വീണ്ടും ജീവന്‍വെച്ചിരിക്കുന്നു.

കിക്കാസ് ഡൊമെയിന്‍ വീണ്ടും ലൈവായി. നേരത്തെ ലഭ്യമായ എല്ലാ സേവനങ്ങളും ഈ ടോറന്റിലും ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കിക്കാസ് ടോറന്റിനു പിന്നില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ടെക് വിദഗ്ധര്‍ തന്നെയാണ് ഇപ്പോള്‍ ഈ സേവനം തിരിച്ചുക്കൊണ്ടുവന്നിരിക്കുന്നത്.

നേരത്തെ കിക്കാസിന്റെ മേധാവി യുക്രെയ്ന്‍ പൗരന്‍ അര്‍ട്ടം വോളിന്‍ പോളണ്ടില്‍ അറസ്റ്റിലായിരുന്നു. ഏതാണ്ട് 100 കോടി ഡോളറിന്റെ (ഏകദേശം 6600 കോടി രൂപ) വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനില്‍ വിതരണം ചെയ്തുവെന്നായിരുന്നു കേസ്.

തുടര്‍ന്നു കിക്കാസിന്റെ പ്രധാന ഡൊമെയിന്‍ പിടിച്ചെടുത്തു മരവിപ്പിച്ചിരുന്നു. എന്നാല്‍ കിക്കാസുമായി സാമ്യമുള്ള നിരവധി ടോറന്റ് ക്ലോണ്‍ വെബ്‌സൈറ്റുകള്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചിരുന്നു.

നേരത്തെ ലഭ്യമായതിനേക്കാള്‍ മികച്ച സംവിധാനങ്ങളുമായാണ് കിക്കാസ് വന്നിരിക്കുന്നതെന്നും ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിലും ഉടന്‍ പരിഹരിക്കുമെന്നുമാണ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലുക്കിലും ഡിസൈനിലും മാറ്റമില്ലാതെയാണ് കിക്കാസ് ലൈവായിരിക്കുന്നത്. അതേസമയം, നേരത്തെയുള്ള യൂസര്‍ ഡേറ്റാബേസ് നീക്കം ചെയ്തിട്ടുണ്ട്.

ലൈവായി എന്നറിഞ്ഞതോടെ കിക്കാസില്‍ ഉപയോക്താക്കള്‍ ഇടിച്ചു കയറി. ഇതോടെ വെബ്‌സൈറ്റ് മിക്കവര്‍ക്കും ലഭിക്കുന്നില്ല. നിരവധി തവണ ശ്രമിക്കുമ്പോള്‍ മാത്രമാണ് വെബ്‌സൈറ്റ് ലോഡാകുന്നത്.

പകര്‍പ്പാവകാശ നിയമ ലംഘനത്തിനും അനധികൃത സ്വത്തുസമ്പാദനത്തിനും അടക്കം ഒട്ടേറെ കേസുകളില്‍ യുഎസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു കിക്കാസിന്റെ മുന്‍മേധാവി.

തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സൈറ്റ് 28 ലോകഭാഷകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള വെബ്‌സൈറ്റുകളുടെ പട്ടികയില്‍ കിക്കാസ് പൂട്ടുമ്പോള്‍ 69ാം സ്ഥാനത്തായിരുന്നു.

ഓണ്‍ൈലന്‍ കോപ്പി നിയമങ്ങള്‍ മറികടക്കാനായി വിവിധ രാജ്യങ്ങളിലെ സെര്‍വറുകളെയാണ് കിക്കാസ് ആശ്രയിച്ചിരുന്നത്. കിക്കാസിനെതിരെ നേരത്തെയും നിരവധി പരാതികള്‍ വന്നിരുന്നെങ്കിലും പലപ്പോഴും വെബ്‌സൈറ്റ് അധികൃതര്‍ രക്ഷപ്പെടുകയായിരുന്നു.

കിക്കാസിന്റെ ശരാശരി വാര്‍ഷിക പരസ്യവരുമാനം ആയിരം കോടി ഡോളറായിരുന്നു. ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഇറ്റലി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ കിക്കാസിനു നേരത്തെ നിരോധനമുണ്ട്.

കിക്കാസിന്റെ വാര്‍ഷിക പരസ്യവരുമാനം 1.70 കോടി ഡോളറാണ്. വെബ്‌സൈറ്റിന്റെ മൊത്തം മൂല്യം ഏകദേശം 54 ദശലക്ഷം ഡോളറാണ് (363 കോടി രൂപ). അനധികൃതമായി വെബ്‌സൈറ്റ് നടത്തി കോടികള്‍ വരുമാനമുണ്ടാക്കിയ വ്യക്തിയാണ് അര്‍ട്ടം വോളിന്‍.

Top