കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി 9 അടുത്ത വര്‍ഷം ഇന്ത്യയില്‍

ടുത്ത വര്‍ഷം കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി 9 ഇന്ത്യയിലെത്തും. ഈ വര്‍ഷം ആദ്യം ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഇവി 9 കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വകഭേദം മാര്‍ച്ചില്‍ രാജ്യാന്തര വിപണിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതുതന്നെയായിരിക്കും അടുത്ത വര്‍ഷം ഇന്ത്യയിലുമെത്തുക.

ഇന്ത്യന്‍ വിപണിയിലെ വിഹിതം 10 ശതമാനത്തില്‍ എത്തിക്കുന്നതിനായുള്ള കിയ 2.0 സ്ട്രാറ്റജി പ്രകാരമാണ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ എത്തുന്നത്. ഇതിനായി പുതിയ 600 ടച്ച്‌പോയിന്റുകള്‍ ആരംഭിക്കുമെന്നും കിയ അറിയിച്ചിട്ടുണ്ട്. ഇവി 6ന് ശേഷമെത്തുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇവി 9. അതിനു ശേഷം മാസ് മാര്‍ക്കറ്റ് ലക്ഷ്യമായി കിയ ചെറു ഇവിയും പുറത്തിറക്കും.

മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന് വ്യത്യസ്ത സീറ്റ് ലേഔട്ട് കോണ്‍ഫിഗറേഷനുണ്ടാകും. പ്രീമിയം ഫീച്ചറുകളുമായിട്ടാകും ഇവി 9 എത്തുക. പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 76.1kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് ഉണ്ടാകുക. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഇവി 6 ന്റെ 77.6 kWh ബാറ്ററി ഒറ്റചാര്‍ജില്‍ 708 കിലോമീറ്റര്‍ സഞ്ചാരപരിധി നല്‍കുമ്പോള്‍ ഇതേ നിലവാരം വച്ച് ഇവി 9ന്റെ 99.8 kWh ബാറ്ററി 1000 കിലോമീറ്റര്‍ റേഞ്ച് നല്‍കിയേക്കാം.

Top