ഫോര്‍ച്യൂണറിനേയും ഫോര്‍ഡ് എന്‍ഡേവറിനേയും കടത്തിവെട്ടാന്‍ ടെല്യുറൈഡുമായി കിയ

സെല്‍റ്റോസിനു പിന്നാലെ പുതിയ നാലു മോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ. ഇതില്‍ ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ തുടങ്ങിയ വാഹനങ്ങളുടെ എതിരാളിയായി കിയ അവതരിപ്പിക്കുന്ന ടെല്യുറൈഡിലേക്കാണ് വാഹന പ്രേമികള്‍ ഒന്നടങ്കമിപ്പോള്‍ ഉറ്റു നോക്കുന്നത്.

ഫോര്‍ച്യൂണറിനേയും ഫോര്‍ഡ് എന്‍ഡേവറിനേയും കടത്തിവെട്ടുന്ന കരുത്താണ് ടെല്യുറൈഡിനുള്ളത്. 3.8 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ഇപ്പോള്‍ വിദേശനിരത്തുകളിലുള്ള ടെല്യുറൈഡിന് കരുത്തേകുന്നത്. 290 ബിഎച്ച്പി പവറും 355 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. ഓള്‍ വീല്‍ ഡ്രൈവ് മോഡലായ ഈ എസ്.യു.വി അല്‍പ്പം വലിപ്പം കൂടിയ വാഹനവുമാണ്. 5000 എംഎം നീളവും 1990 എംഎം വീതിയും 1750 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 2900 എംഎം എന്ന ഉയര്‍ന്ന വീല്‍ബേസുമുണ്ട്.

കിയ ബാഡ്ജിങ്ങ് നല്‍കിയുള്ള ക്രോമിയം ഗ്രില്ലും കുത്തനെയുള്ള ഗ്രില്ലും, ഡിആര്‍എല്ലും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള മസ്‌കുലര്‍ ബമ്പറും എല്‍ഇഡി ഫോഗ്ലാമ്പുമാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. നേര്‍ത്ത ടയറുകളും ബ്ലാക്ക് ഫിനീഷ് അലോയി വീലുകളും ക്രോമിയം ഫിനീഷ് നല്‍കിയിട്ടുള്ള സ്ട്രിപ്പുമാണ് വശങ്ങളെ ശ്രദ്ധേയമാക്കുന്നത്. ബുമറാങ്ങ് ഷേപ്പിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റും ടെല്യുറൈഡ് ബാഡ്ജിങ്ങും ഡ്യുവല്‍ ടോണ്‍ ബമ്പറും പിന്‍വശത്തെ ആകര്‍ഷകമാക്കുന്നുണ്ട്.

വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഇവിടെ അസംബിള്‍ ചെയ്തായിരിക്കും ടെല്യുറൈഡ് കിയ നിരത്തുകളിലെത്തിക്കുകയെന്നാണ് സൂചന.

Top