ഏഴു സീറ്റ് സോണറ്റുമായി കിയ; ഇന്തോനീഷ്യന്‍ വിപണിയില്‍

ഴു സീറ്റുള്ള ചെറു എസ്യുവിയുമായി കിയ ഇന്തോനീഷ്യന്‍ വിപണിയില്‍. കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച സോണറ്റിന്റെ ഏഴു സീറ്റര്‍ പതിപ്പാണ് ഉടന്‍ വിപണിയിലെത്തുന്നത്.

ഇന്ത്യന്‍ പതിപ്പിനെക്കാള്‍ നീളം കൂടിയ സോണറ്റിന്റെ ഇന്തോനീഷ്യന്‍ പതിപ്പിലാണ് 7 സീറ്റര്‍ ഒരുക്കിയിരിക്കുന്നത്. 4120 എംഎം നീളവും (ഇന്ത്യന്‍ സോണറ്റിന് 3995 എംഎം) 1790 എംഎം വീതിയും 1642 എംഎം ഉയരവുമുണ്ട് വാഹനത്തിന്.

ഇന്തോനീഷ്യന്‍ വിപണിക്ക് വേണ്ടി ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ശാലയില്‍ നിര്‍മിക്കുന്ന വാഹനം ഇന്ത്യയില്‍ കിയ പുറത്തിറക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്തോനീഷ്യന്‍ വിപണിക്കായുള്ള സോണറ്റും അനന്തപൂര്‍ ശാലയില്‍ തന്നെയാണ് നിര്‍മിക്കുന്നത്.

ഇന്റീരിയറില്‍ വലിയ മാറ്റങ്ങളില്ലാതെ മൂന്നാം നിര സീറ്റുമായിട്ടാണ് സോണറ്റ് 7 എത്തിയത്. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനോടെ എത്തുന്ന വാഹനത്തിന് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമുണ്ടാകും. ഇന്തോനീഷ്യന്‍ വിപണിയില്‍ ടൊയോട്ട അവാന്‍സ, ദൈഹാറ്റ്‌സു സീനിയ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് സോണറ്റ് 7 സീറ്റര്‍ മത്സരിക്കുക.

 

Top