കിയ സെല്‍റ്റോസ് ഈ മാസം 22ന് വിപണിയിലേക്ക്; വില പ്രഖ്യാപിക്കും മുന്‍പേ റെക്കോര്‍ഡ് ബുക്കിങ്

കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനം സെല്‍റ്റോസ് ഈ മാസം 22ന് വിപണിയിലെത്തും. 10-16 ലക്ഷത്തിനുള്ളിലായിരിക്കും സെല്‍റ്റോസിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് ആദ്യ സൂചനകള്‍. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ 23,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്. ഇന്ത്യന്‍ വാഹന ലോകം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന വാഹനത്തിന്റെ വില പ്രഖ്യാപനതോടെ ബുക്കിങ് ഉയരും എന്നാണ് കരുതുന്നത്. വില പ്രഖ്യാപിക്കുന്ന ദിവസം തന്നെ വാഹനം ഉപഭോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ടെക് ലൈന്‍, ജിടി ലൈന്‍ എന്ന മോഡലുകളില്‍ വിവിധ വകഭേദങ്ങളിലാണ് കിയ സെല്‍റ്റോസ് ലഭിക്കുക. 4,315 എംഎം നീളവും 1,800 ഉയരവും 1,620 എംഎം വീതിയും 2,610 എം.എം വീല്‍ബെയ്‌സുമുണ്ട് സെല്‍റ്റോസിന്. ക്രേറ്റ, എക്‌സ്.യു.വി 500, ഹാരിയര്‍, ഹെക്റ്റര്‍ എന്നിവരുമായാണ് ഈ എസ്‌യുവി മത്സരിക്കുക. ടൈഗര്‍ നോസ് ഗ്രില്ലും ഹെഡ്ലാംപും ഐസ് ക്യൂബിനെ അനുസ്മരിപ്പിക്കുന്ന ഫോഗ് ലാംപുകളും വലിയ വീല്‍ ആര്‍ച്ചുകളുമൊക്കെയായി വലിയൊരു എസ്യുവിയുടെ തലയെടുപ്പോടെയാണ് സെല്‍റ്റോസ് എത്തുക.

കൂടാതെ 37 സ്മാര്‍ട്ട് ഫീച്ചറുകളുള്ള യുവിഒ കണക്റ്റ് സിസ്റ്റവും 10.25 ഇഞ്ച് ടച്ച് സ്‌ക്രീനും 8 ഇഞ്ച് ഹെഡ് അപ്പ് ഡിസ്‌പ്ലെയും 360 ഡിഗ്രി ക്യാമറയും മൂഡ്‌ ലൈറ്റിങ്ങും ടയര്‍ പ്രഷര്‍ മോണിറ്ററും തുടങ്ങി സെഗ്മെന്റിലെ മറ്റൊരു വാഹനങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്ത ഫീച്ചറുകള്‍ സെല്‍റ്റോസിലുണ്ട്.

115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.

കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന ആദ്യ മോഡലാണ് സെല്‍റ്റോസ് എസ്.യു.വി.

Top