രണ്ടാം വരവിനൊരുങ്ങി കിയ സെൽറ്റോസ്; ബുക്കിംഗ് അരലക്ഷം കടന്നു

മിഡ്-സൈസ് എസ്‌യുവികളാൽ ഇന്ത്യൻ വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ച ബ്രാൻഡാണ് കിയ സെൽറ്റോസ്. 2019-ൽ അരങ്ങേറ്റം കുറിച്ച ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഡിസൈൻ ശൈലിയും, ഫീച്ചറുകളും, വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളുമായി മികവുറ്റുനിൽക്കുന്നു. 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.

ചെറിയ ഇടവേളയ്ക്കു ശേഷം വിപണിയിൽ തിരിച്ചെത്തിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് അവതരിപ്പിച്ച് വെറും രണ്ട് മാസത്തിനുള്ളിൽ അരലക്ഷം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. പ്രീമിയം അപ്പീൽ, അഡ്വാൻസ്ഡ് ടെക്നോളജി, ഡീസൽ വകഭേദങ്ങൾ എന്നിവയുടെ അസാധാരണമായ കോമ്പോയാണ് ഇത്തവണയും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ വിജയരഹസ്യം. ഓരോ ദിവസവും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായി 806 പുതിയ ബുക്കിംഗുകളാണ് ലഭിക്കുന്നതെന്നും കമ്പനി പറയുന്നു.

മൊത്തം ബുക്കിംഗുകളുടെ 77 ശതമാനവും സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻനിര വേരിയന്റുകൾക്കാണെന്നും കിയ അവകാശപ്പെടുന്നു. HTX മോഡൽ മുതൽ തുടങ്ങി ഉയർന്ന നിലവാരമുള്ള വകഭേദങ്ങൾക്കുള്ള ഈ മുൻഗണന കൂടുതൽ ആഡംബരവും ഫീച്ചർ നിറഞ്ഞതുമായ ഡ്രൈവിംഗ് അനുഭവത്തിനായുള്ള ഉപഭോക്താക്കളുടെ ആഗ്രഹത്തെയാണ് വെളിപ്പെടുത്തുന്നത്. സെൽറ്റോസ് ബുക്കിംഗിലെ മറ്റൊരു ശ്രദ്ധേയമായ പ്രവണത അത്യാധുനിക സാങ്കേതികവിദ്യയ്ക്കു നൽകിയിട്ടുള്ള പ്രാധാന്യമാണ്.

എല്ലാ ബുക്കിംഗുകളിലും 47 ശതമാനത്തിലധികം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സജ്ജീകരിച്ചിരിക്കുന്ന വേരിയന്റുകൾക്കായാണ് വരുന്നത്. ഉപഭോക്താക്കൾ സുരക്ഷയുടെയും നൂതന സാങ്കേതിക സവിശേഷതകളുടെയും വർധിച്ചുവരുന്ന പ്രാധാന്യം പ്രകടമാക്കുന്നുണ്ട്. സാങ്കേതിക നവീകരണത്തിനുള്ള ഉദ്യമം ആധുനികവും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം നൽകാനുള്ള കിയയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല, ഡീസൽ വകഭേദങ്ങളുടെ ബുക്കിംഗും ഏതാണ്ട് 40 ശതമാനത്തോളമാണ്. ഈ മാസം സെൽറ്റോസിന്റെ നാല് ലക്ഷം യൂണിറ്റ് ആഭ്യന്തര ഡെലിവറികൾ പൂർത്തിയാക്കിയ കിയ മോട്ടോർസ് കയറ്റുമതി ഉൾപ്പെടെ മോഡലിന്റെ മൊത്തം 5.47 ലക്ഷം ഡെലിവറി എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്.

അപ്‌ഡേറ്റ് ചെയ്ത ഡിസൈൻ, സ്‌പോർട്ടിയർ പെർഫോമൻസ്, ടെക്-ലോഡഡ് ക്യാബിൻ, ADAS സേഫ്റ്റി സ്യൂട്ട് എന്നിവയോടെ ജൂലൈ 21 നാണ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്നത്. ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആയി തന്നെ 15 സേഫ്റ്റി ഫീച്ചറുകളും 17 ADAS ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകളും ഉൾപ്പെടെ 32 ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.

ശ്രേണിയിലുടനീളം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി മോഡൽ വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. ഡ്യുവൽ സ്‌ക്രീൻ പനോരമിക് ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ഫുൾ ഓട്ടോമാറ്റിക് എയർകണ്ടീഷണർ, ഡ്യുവൽ പാൻ പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളുമുണ്ട്. അടിസ്ഥാന രൂപത്തിൽ മാറ്റങ്ങളൊന്നുമില്ലെങ്കിലും ആരേയും മോഹിപ്പിക്കും വിധമാണ് എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വലിയ ഗ്രില്ലിനൊപ്പം പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളുമാണ് ഇതിനായി ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ ഒരു പുതുമ കൊണ്ടുവരാൻ ദക്ഷിണ കൊറിയൻ ബ്രാൻഡിനായി.

Top