വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ് ; ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ ആദ്യ മോഡലായ സെല്‍റ്റോസിന്റെ ബുക്കിങ്ങുകള്‍ ഔദ്യോഗികമായി ആരംഭിക്കാന്‍ തീരുമാനിച്ചു. ജൂലായ് 15 മുതല്‍ നിലവിലുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയും, ഓണ്‍ലൈനായും ബുക്കിങ്ങുകള്‍ തുടങ്ങും.

ആഗസ്റ്റ് 22 -നാണ് സെല്‍റ്റോസിന്റെ വില ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുന്നത്. പ്രാരംഭ സെല്‍റ്റോസ് പെട്രോള്‍ മോഡലിന് 11 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. 17 ലക്ഷം രൂപയോളം ഏറ്റവും ഉയര്‍ന്ന സെല്‍റ്റോസ് GT ലൈന്‍ പെട്രോള്‍ മോഡലിന് വില പ്രതീക്ഷിക്കാം. ആഗസ്റ്റ് ആദ്യവാരത്തോടു തന്നെ ടെസ്റ്റ് ഡ്രൈവുകള്‍ തുടങ്ങാനാണ് സാധ്യതയെന്നാണ് വിവരം.

വാഹനത്തിന് GTK, GTX, GTX+ എന്നിങ്ങനെ മൂന്ന് പെട്രോള്‍ പതിപ്പുകളും, HTE, HTK, HTK+,HTX, HTX+ എന്നിങ്ങനെ അഞ്ച് ഡീസല്‍ പതിപ്പുകളും ചേര്‍ത്ത് എട്ട് പതിപ്പുകളാണുള്ളത്. റെഡ്, ബ്ലാക്ക്, ബ്ലൂ, ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, ക്ലിയര്‍ വൈറ്റ്, ഗ്രേയ്, സില്‍വര്‍ എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളിലും, റെഡ്/ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്/ബ്ലാക്ക്, സില്‍വര്‍/ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്/ഓറഞ്ച് എന്നീ ഇരട്ട ടോണ്‍ നിറങ്ങളിലും സെല്‍റ്റോസ് വിപണിയില്‍ ലഭ്യമാവും.

വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, ഹെഡ്സ്അപ്പ് ഡിസ്പ്ലേ, പനോരമിക്ക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവധ ഡ്രൈവിംഗ് മോഡുകള്‍, വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്പ്ലെ, എന്നിവയ്ക്ക് പുറമേ യാത്രകള്‍ ഉല്ലാസപ്രദമാക്കാന്‍ ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ അടിത്തറയാണ് കിയ സെല്‍റ്റോസ് പങ്കിടുന്നതെങ്കിലും രൂപഭാവത്തില്‍ ഇരു എസ്യുവികളും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല. ആകാരയളവിലും ക്രെറ്റയെക്കാള്‍ വലുപ്പം സെല്‍റ്റോസിനുണ്ട്. എഞ്ചിന്‍ യൂണിറ്റുകളുടെ കാര്യത്തിലും ഇതേ വൈരുധ്യം കാണാം. മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ സെല്‍റ്റോസില്‍ അണിനിരക്കുമെന്ന് കിയ അറിയിച്ചിട്ടുണ്ട്.

115 bhp കരുത്തും 144 Nm torque ഉം അവകാശപ്പെടുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സെല്‍റ്റോസില്‍ തുടിക്കും. 115 bhp കരുത്തും 250 Nm torque സൃഷ്ടിക്കാന്‍ സെല്‍റ്റോസിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

140 bhp കരുത്തും 244 Nm torque -മുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനായിരിക്കും സെല്‍റ്റോസിലെ മുഖ്യാകര്‍ഷണം. മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ക്കും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് കമ്പനി സമര്‍പ്പിക്കും. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സിവിടി ഓട്ടോമാറ്റിക് ഓപ്ഷനും ഡീസല്‍ എഞ്ചിന് ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കിയ നല്‍കുമെന്നാണ് വിവരം.

Top