വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ് ; ഓഗസ്റ്റ് 22ന് ഇന്ത്യന്‍ വിപണിയിലേക്ക്

കിയയുടെ ആദ്യ ഇന്ത്യന്‍ കാറാണ് സെല്‍റ്റോസ്. ഓഗസ്റ്റ് 22 -ന് കിയ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. പ്രാരംഭ സെല്‍റ്റോസ് പെട്രോള്‍ മോഡലിന് 11 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. 17 ലക്ഷം രൂപയോളം ഏറ്റവും ഉയര്‍ന്ന സെല്‍റ്റോസ് GT ലൈന്‍ പെട്രോള്‍ മോഡലിന് വില പ്രതീക്ഷിക്കാം. ജൂലായ് മുതല്‍ എസ്യുവിയുടെ ബുക്കിങ് ആരംഭിക്കുമെന്ന് ഹ്യുണ്ടായിയ്ക്ക് കീഴിലുള്ള കിയ മോട്ടോര്‍സ് അറിയിച്ചുകഴിഞ്ഞു.

ഹ്യുണ്ടായി ക്രെറ്റയുടെ അടിത്തറയാണ് കിയ സെല്‍റ്റോസ് പങ്കിടുന്നതെങ്കിലും രൂപഭാവത്തില്‍ ഇരു എസ്യുവികളും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല. ആകാരയളവിലും ക്രെറ്റയെക്കാള്‍ വലുപ്പം സെല്‍റ്റോസിനുണ്ട്. എഞ്ചിന്‍ യൂണിറ്റുകളുടെ കാര്യത്തിലും ഇതേ വൈരുധ്യം കാണാം. മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ സെല്‍റ്റോസില്‍ അണിനിരക്കുമെന്ന് കിയ അറിയിച്ചിട്ടുണ്ട്.

115 bhp കരുത്തും 144 Nm torque ഉം അവകാശപ്പെടുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സെല്‍റ്റോസില്‍ തുടിക്കും. 115 bhp കരുത്തും 250 Nm torque സൃഷ്ടിക്കാന്‍ സെല്‍റ്റോസിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

140 bhp കരുത്തും 244 Nm torque -മുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനായിരിക്കും സെല്‍റ്റോസിലെ മുഖ്യാകര്‍ഷണം. മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ക്കും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് കമ്പനി സമര്‍പ്പിക്കും. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സിവിടി ഓട്ടോമാറ്റിക് ഓപ്ഷനും ഡീസല്‍ എഞ്ചിന് ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും കിയ നല്‍കുമെന്നാണ് വിവരം.

Top