കാരന്‍സിന്റെ 44,000 യൂണിറ്റ് തിരിച്ചുവിളിച്ച് കിയ

കുറഞ്ഞ വില മുതല്‍ ആറ് എയര്‍ബാഗിന്റെ സുരക്ഷ വരെ പ്രഖ്യാപനങ്ങളുമായാണ് കിയയുടെ കാരന്‍സ് എന്ന എം.പി.വി. ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ വാഹനം എത്തുന്നതിന് മുമ്പുതന്നെ വലിയ ബുക്കിങ്ങാണ് കാരന്‍സിന് ലഭിച്ചിരുന്നത്. പെര്‍ഫോമെന്‍സിലും സൗകര്യത്തിലും എതിരാളികളെ അപേക്ഷിച്ച് ഏറെ മുന്‍പന്തിയിലുള്ള മോഡലാണ് കിയ കാരന്‍സ് .

എന്നാല്‍, പുറത്തു വരുന്ന പുതിയ വിവരം അനുസരിച്ച് കിയ കാരന്‍സിന്റെ ഏറ്റവും ഹൈലൈറ്റായ എയര്‍ബാഗിന് തകരാര്‍ കണ്ടെത്തിയിരിക്കുകയാണ്. കാരന്‍സ് എം.പി.വിയിലെ എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റ് (എ.യു.സി) സോഫ്റ്റ്‌വെയറിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് വിലയിരുത്തുന്നതിനും തകരാര്‍ കണ്ടെത്തിയ വാഹനങ്ങളില്‍ പരിഹരിക്കുന്നതിനുമായി കാരന്‍സ് തിരിച്ച് വിളിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്.

കാരന്‍സിന്റെ 44,174 യൂണിറ്റാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. തകരാര്‍ സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ കമ്പനി അധികൃതര്‍ നേരിട്ട് ബന്ധപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് തൊട്ടടുത്ത കിയയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ എത്തി വാഹനം പരിശോധനയ്ക്ക് വിധേയമാക്കാം. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നും കിയ മോട്ടോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കിയ കാരന്‍സ് വിപണിയില്‍ എത്തിയത്. ഇതുവരെയുള്ള ഏഴ് മാസത്തിനിടെ 48,000 യൂണിറ്റ് കാരന്‍സ് വിപണിയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

Top